Breaking NewsKeralaLead NewsNEWS

കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഷയത്തില്‍ കേരള സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിലപാട് ശരിയല്ലെന്നും, ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നല്‍കിയ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സര്‍ക്കാരിന് യോജിപ്പാണ്. എന്നാല്‍ പ്രവേശന നടപടികള്‍ തുടങ്ങിയത് പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം പരിഷ്‌കാരം നടത്തുമെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രവേശനത്തില്‍ എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതു കൂടി കണക്കിലെടുത്താണ് അപ്പീല്‍ നല്‍കാത്തതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

 

Back to top button
error: