‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകും’

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും നിമിഷ പ്രിയയ്ക്ക് തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്നും ഒത്തുതീര്‍പ്പിനില്ലെന്നും കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരന്‍ അല്‍പ്പം മുന്‍പ് ബിബിസിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വ.ദീപ ജോസഫിന്റെ പ്രതികരണം. 2019 മുതല്‍ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം നല്‍കുന്നത് ഡല്‍ഹിയില്‍ അഭിഭാഷകയായ ദീപ ജോസഫാണ്.
‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നിന്നുള്ള കുപ്രചാരണങ്ങളാണെന്ന് ദീപ ജോസഫ് പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തില്‍ ക്രെഡിറ്റ് തട്ടാന്‍ ശ്രമമാണ് ഇവിടെ നടക്കുന്നത്. കുപ്രചാരണം കൊണ്ട് മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ജീവനെ ഇല്ലാതാക്കുകയാണ്. തലാലിനെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനുമുള്ള ശ്രമമാണ് കുടുംബത്തെ ഇത്രമാത്രം ചൊടിപ്പിച്ചത്. അവരെ എന്തിനാണ് പ്രകോപ്പിക്കുന്നത്.
വധശിക്ഷ മരവിച്ച കാര്യം ഞായറാഴ്ച തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ രഹസ്യമായി വയ്ക്കാന്‍ അവിടെ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. സാമുവലിന് ജറോമിന് റിട്ടേണ്‍ കണ്‍ഫര്‍മേഷന്‍ കിട്ടിയ ശേഷമാണ് വിവരം പുറത്ത് വിട്ടത്. ആ നിമിഷം മുതല്‍ ഇവിടെ ക്രഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. വധശിക്ഷ നീട്ടിവയ്ക്കണമെന്ന് അപേക്ഷിച്ച് നിമിഷയുടെ അമ്മ ഡയറക്ടറേറ്റ് ഓഫ് പ്രൊസിക്യൂഷന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ മേലാണ് ശിക്ഷ നീട്ടിവച്ചതെന്നും ദീപ ജോസഫ് പറഞ്ഞു.






