മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും രാജിവയ്ക്കണം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ കത്ത്; ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്ഷന്; പ്രതികരിക്കാതെ നേതാക്കള്‍

തിരുവനന്തപുരം: എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ തോമസ് കെ.തോമസും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും കത്തില്‍ പറയുന്നു.
തോമസ് കെ.തോമസ് തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രഫുല്‍ പട്ടേലിന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ചാണ് 2021ല്‍ എംഎല്‍എ ആയതെന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വര്‍ഷത്തേക്ക് താങ്കളെ വിലക്കുന്നതായും, എംഎല്‍എ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കില്‍ അയോഗ്യനാക്കുമെന്നും നാലിന് അയച്ച കത്തില്‍ പറയുന്നു. ഇതേ കാര്യങ്ങളാണ് ശശീന്ദ്രനോടും ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍സിപി പിളര്‍ന്ന് ശരദ്പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക് ചിഹ്നം നല്കിയതും ഈ വിഭാഗത്തിനാണ്. മേയ് 31നകം രാജി വയ്ക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ നേരത്തെ ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും രാജിവച്ചില്ല. രണ്ടുപേരും ശരദ്പവാറിന്റെ കൂടെയാണെന്ന് തോമസ് കെ.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്പീക്കറാണ് അയോഗ്യതയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






