നിമിഷ പ്രിയയുടെ മോചനം; ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുന്ന യോഗം ഉടന്‍; കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ; ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനില്‍ ചേരുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ ഇന്നു പുനരാരംഭിക്കും.
കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിര്‍ണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മര്‍ക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തില്‍ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.
കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമന്‍ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കുടുംബം ചര്‍ച്ചയില്‍ പങ്കെടുത്തു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നല്‍കാന്‍ കുടുംബം തയാറായാല്‍ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിര്‍ത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാല്‍ ദയാധനം നല്‍കാന്‍ സാവകാശം ലഭിക്കും.






