Breaking NewsCrimeLead NewsNEWS

കല്ലമ്പലം MDMA കേസ്: ‘ലഹരിനട’നൊപ്പമുള്ള പ്രതിയുടെ ചിത്രം ലഭിച്ചു, വര്‍ക്കലയിലെ പൊറുതിയും സംശയനിഴലില്‍; സിനിമാമേഖലയില്‍ സഞ്ജുവിന് ആഴത്തിലുള്ള ബന്ധം?

തിരുവനന്തപുരം: കല്ലമ്പലത്ത് മൂന്നുകോടി രൂപയുടെ എംഡിഎംഎ പിടികൂടിയ കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചേക്കും. തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം എംഡിഎംഎ പിടികൂടിയ കേസായതിനാലാണ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. കൂടാതെ സിനിമാമേഖലയിലുള്ള പല പ്രശസ്തരുമായും ഇയാള്‍ക്കു ബന്ധങ്ങളുള്ളതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ലഹരി ഉപയോഗത്തിലൂടെ കുപ്രസിദ്ധനായ ഒരു നടനൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പോലീസിനു ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന രാസലഹരി കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കല്ലമ്പലം പോലീസിനു മാത്രമായി ഈ കേസുകള്‍ അന്വേഷിക്കാനാവില്ല. അതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള മറ്റേതെങ്കിലും സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാനാണ് ആലോചന.

Signature-ad

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അടുത്തിടെ നാലുതവണയാണ് ഇയാള്‍ വിദേശത്തുപോയി വന്നത്. അപ്പോഴെല്ലാം ലഹരി കടത്തിക്കൊണ്ടുവന്നതായാണ് സൂചന. പിടിക്കപ്പെടാതിരിക്കാന്‍ മാറിമാറി വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിമാനത്താവളങ്ങളില്‍നിന്ന് ഇയാളുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്.

വര്‍ക്കലയിലെ റിസോര്‍ട്ടുകളില്‍ സിനിമാമേഖലയില്‍ ഉള്ളവര്‍ക്കു സൗകര്യമൊരുക്കാറുണ്ടെന്നും വിവരമുണ്ട്. ലഹരി ഉപയോഗിച്ച് വിവാദങ്ങളില്‍പ്പെട്ട ഒരു നടന്‍ ഒരു വര്‍ഷം മുന്‍പ് ദിവസങ്ങളോളം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്നതില്‍ സഞ്ജുവിനു പങ്കുണ്ടോയെന്നും സംശയമുണ്ട്. സഞ്ജുവിന്റെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ സിനിമയില്‍ ചെറിയവേഷം ചെയ്തിട്ടുള്ളതും സംശയം വര്‍ധിപ്പിക്കുന്നു.

ബിനാമി പേരുകളില്‍ സഞ്ജുതന്നെ റിസോര്‍ട്ടുകള്‍ നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റിസോര്‍ട്ടുകളും കെട്ടിടങ്ങളും വാഹനങ്ങളും സുഹൃത്തുക്കളുടെ പേരിലാണ് ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടുള്ളതെന്നാണ് സൂചന. ഞെക്കാട്ട് നിര്‍മിക്കുന്ന ആഡംബരവീട് ഭാര്യയുടെ പേരിലാണ്. അടുത്തിടെ വാങ്ങിയ കാര്‍ സുഹൃത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഞ്ജുവിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചുവരുകയാണ്.

Back to top button
error: