‘യുക്രൈന് അത്യാധുനിക ആയുധങ്ങള്‍ നല്‍കും; 50 ദിവസത്തിനുള്ളില്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ റഷ്യക്ക് 100 ശതമാനം ഉപരോധം; റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ഉപരോധിക്കും’; ഇന്ത്യക്കും ചൈനയ്ക്കും പരസ്യ ഭീഷണിയുമായി ട്രംപ്; യൂറോപ്പിനു പിന്നാലെ നയംമാറ്റം പ്രഖ്യാപിച്ച് അമേരിക്ക
മൂന്നുവര്‍ഷമായി നീളുന്ന യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം റഷ്യയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്നു മറ്റു രാജ്യങ്ങളെ വിലക്കുന്നതില്‍നിന്ന് അവര്‍ പിന്‍മാറി

കീവ്/വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയോടൊപ്പം ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ ഉടന്‍ യുക്രൈനു വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഞങ്ങള്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മിച്ചു നാറ്റോയ്ക്കു കൈമാറും. ഇതിനു പണവും അവര്‍ നല്‍കും. റഷ്യന്‍ ആക്രമണങ്ങളില്‍നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് അത്യാധുനികമായ പാട്രിയറ്റ് മിസൈലുകള്‍ നല്‍കും. മറ്റു രാജ്യങ്ങള്‍ 17 പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതോ മുഴുവനായോ യുക്രൈനു കൈമാറുമെന്നും ട്രംപ് പറഞ്ഞു.
റഷ്യക്കെതിരേ സെക്കന്‍ഡറി ഉപരോധം നടപ്പാക്കുന്നത് പാശ്ചാത്യ രാജ്യത്തിന്റെ വിദേശ നയത്തിന്റെ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തണമെന്നു അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും യുഎസ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മൂന്നുവര്‍ഷമായി നീളുന്ന യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം റഷ്യയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്നു മറ്റു രാജ്യങ്ങളെ വിലക്കുന്നതില്‍നിന്ന് അവര്‍ പിന്‍മാറിയിരുന്നു. നിലവില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് റഷ്യയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇതിലൂടെ നൂറുകണക്കിനു ബില്യണ്‍ ഡോളറാണ് റഷ്യക്കു ലഭിക്കുന്നത്.
റഷ്യക്കു നൂറുശതമാനം ഉപരോധവും അവരുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു സെക്കന്‍ഡറി ഉപരാധവും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണു ട്രംപ് സംസാരിച്ചതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രംപിന്റെ അമ്പതു ദിവസത്തെ സമയപരിധി റഷ്യയിലെ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. ഓഹരികളും വലിയ തകര്‍ച്ചയില്‍നിന്നു കരകയറിയിട്ടുണ്ട്. യുദ്ധങ്ങള്‍ക്കെല്ലാം അറുതി വരുത്തുമെന്നു പ്രഖ്യാപിച്ചാണു ട്രംപ് അധികാരത്തിലേറിയത്. റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിനുശേഷം ഇന്ത്യ-പാക് യുദ്ധത്തിലും ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുമെല്ലാം ട്രംപ് ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയം മാറ്റമെന്നും വര്‍ധിച്ചുവരുന്ന നിരാശയാണു നടപടിക്കിടയാക്കിയതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിരുപാധികമായ വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ നിര്‍ദ്ദേശം പുടിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഞങ്ങള്‍ ദിനംപ്രതി ഇത്തരം നിരവധി അസംബന്ധങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നായിരുന്നു പുടിന്റെ പ്രതികരണം. കീവ് വെടിനിര്‍ത്താന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ നൂറുകണക്കിനു ഡ്രോണുകളാണ് റഷ്യ ഉപയോഗിക്കുന്നത്. In reversal, Trump arms Ukraine and threatens sanctions on countries that buy Russian oil






