ആണവായുധ പ്രയോഗത്തില്‍ വെന്തെരിയുന്ന ഇസ്രായേല്‍; ഇതോ ഇറാന്റെ ലക്ഷ്യം? ചിത്രം പുറത്തുവിട്ട് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍; വിവിവാദമായതോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പിന്‍വലിച്ച് തടിതപ്പി; ആണവായുധം വികസിപ്പിക്കുന്നതിന് എതിരെന്നും വിശദീകരണം

ടെഹ്‌റാന്‍: ഇസ്രായേലില്‍ ആണായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഷെയര്‍ ചെയ്ത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ്. മൊഹമ്മദ് ബാഗര്‍ ഗലീബയുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദിയാണ് വിവാദമായ ചിത്രം ഷെയര്‍ ചെയ്തത്. ഇസ്രയേലിനു മുകളിലേക്ക് ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്നത് ഇസ്രയേല്‍ മാപ്പ് ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചാണു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇൗ ചിത്രം ഉടന്‍ പിന്‍വലിച്ചെങ്കിലും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ഉടന്‍ പുറത്തുവിട്ടു.
തൊട്ടുപിന്നാലെ ചിത്രത്തിന്റെ വിശദീകരണവുമായി മെഹ്ദി രംഗത്തുവന്നു. തന്റെ പേജിന്റെ അഡ്മിനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും മെഹ്ദി പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് എതിരാണ്. അത് ഇറാന്റെ പ്രതിരോധമാകുമെന്നും കരുതുന്നില്ല. അത് അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്’ എന്നും മെഹ്ദി പറഞ്ഞു.
ഇസ്രയേലിനു കനത്ത പ്രഹരമേല്‍പ്പിച്ചത് ആണവായുധം കൈവശം വച്ചിട്ടല്ല. യുക്രൈന്‍ റഷ്യയുമായി പിടിച്ചു നില്‍ക്കുന്നതും ആണവായുധമുള്ളതുകൊണ്ടല്ല. ആണവായുധങ്ങളുടെ സൈനിക ഉപയോഗം മിക്ക രാജ്യങ്ങളും കരുതുന്നതിലും പരിമിതമാണെന്നും മെഹ്ദി പറഞ്ഞു.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നെന്ന വാദം തുടര്‍ച്ചയായി നിഷേധിക്കുന്നതിനിടെയാണ് ഈ ചിത്രവും പുറത്തുവന്നത് എന്നതാണു വിവാദമായത്. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇറാന്‍ അടുത്തിടെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം, ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ പ്രധാന ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു. ഇസ്രായേല്‍ ഇറാനെതിരായ ആക്രമണങ്ങള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്. ഇത് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു സാരമായ കേടുപാടു വരുത്തിയിരുന്നു.
യുദ്ധത്തില്‍ സാരമായ തിരിച്ചടിയേറ്റിട്ടും അമേരിക്കന്‍, ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ ഭീഷണിയില്‍ ഇറാന്‍ കുറവു വരുത്തിയിട്ടില്ല. വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ ട്രംപിന്റെ പള്ളയില്‍ ചെറു ഡ്രോണ്‍ കുത്തിക്കയറുമെന്നും കൊലപ്പെടുത്തുമെന്നും അടുത്തിടെ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഏറ്റവുമൊടുവിലായി ഒരു യൂറോപ്യന്‍ രാജ്യത്ത് ഡ്രോണുകള്‍ പതിക്കുമെന്നും പറഞ്ഞു. മുന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായ ജാവേദ് ലാറിജാനിയാണ് ഭീഷണി പുറത്തുവിട്ടത്. ഇതു തടുക്കാന്‍ ഒരു യൂറോപ്യന്‍ രാജ്യത്തിനും കഴിയില്ലെന്നും ടെലിവിഷന്‍ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ജാവേദിന്റെ പരാമര്‍ശമെന്നാണു കരുതുന്നത്. 2015ലെ ആണവ കരാറില്‍ ഒപ്പിട്ട മൂന്നു രാജ്യങ്ങളാണിവ. ഇവര്‍ ഇറാനുമേലും ആണവായുധത്തിന്റെ പേരില്‍ കനത്ത സമ്മര്‍ദമാണു ചെലുത്തുന്നത്. കഴിഞ്ഞയാഴ്ച യുകെ പാര്‍ലമെന്റിന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി, ബ്രിട്ടന് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള രാജ്യമായി ഇറാനെ വിലയിരുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ പാര്‍ലമെന്റും ഇറാന്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണെന്നു പറഞ്ഞു. ഇറാന്‍ ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളും ഭീകരരുടെ നിഴല്‍ സൈന്യത്തെയും ഉപയോഗിച്ചു യൂറോപ്പിന്റെ ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നു എന്നായിരുന്നു പ്രസ്താവന. Iranian official posts image that appears to depict a nuclear strike on Israel






