Breaking NewsLead NewsNEWSPravasiWorld

പ്രതീക്ഷ: ‘നിമിഷപ്രിയ’ക്കു ദയ കിട്ടുമോ…? കാന്തപുരത്തിന്റെ ഇടപെടലിൽ സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ യെമനിൽ ഇന്നും സുപ്രധാന യോഗം

    നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ സുപ്രധാന യോഗം. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകി നടന്ന ചർച്ച ഇന്നു  രാവിലെയും തുടരും.

ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ന് (ചൊവ്വ)  സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.

Signature-ad

യെമനിൽ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമം നടന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും. നിമിഷ പ്രിയയുടെ മോചനത്തിന് സഹായകമായ പല കാര്യങ്ങളും യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കേസിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെങ്കിലും, നിയമപരമായുള്ള തടസ്സങ്ങൾ നിലനിൽക്കുന്നു എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.

സൗദി അറേബ്യയിൽ വധശിക്ഷയിൽ നിന്ന് മോചിതനായ അബ്ദുൾ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും നിമിഷ പ്രിയയുടെ മോചനത്തിനായി സാമ്പത്തിക സഹായം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയിൽ മിച്ചം വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറാനാണ് ഇവരുടെ തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ തയ്യാറായാൽ, ആവശ്യമായ തുക കൈമാറാൻ തങ്ങൾ സന്നദ്ധരാണെന്ന് ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി വ്യക്തമാക്കി.

​ വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനുള്ള ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സിൽ നിവേദനം നൽകി.

Back to top button
error: