ബിജെപിയുടെ തന്ത്രങ്ങൾ പാളുന്നു..? ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ.?’ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളോട് അരുതെന്നു പറയാതെ കേരളം പിടിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത്; ബി.ജെ.പിയെ കടന്നാക്രമിച്ച് ദീപിക മുഖപ്രസംഗം

കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക ദിനപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി കച്ചക്കെട്ടിയിരിക്കുന്നതെന്ന് ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ!’ എന്ന തലക്കെട്ടിലുള്ള ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബി.ജെ.പി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശയ്ക്കാരായി നിലകൊള്ളുന്നു.
വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബി.ജെ.പി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവര്‍ത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാമെന്ന അജന്‍ഡ മാത്രമാകും ഇവര്‍ക്കു മുന്നിലുള്ളത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവര്‍ത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.
അനധികൃതമായി പള്ളികള്‍ നിര്‍മിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജന്‍ഡയിലുള്ള പ്രവൃത്തിയല്ല. മറ്റു ക്രൈസ്തവ വിഭാഗങ്ങളുള്‍പ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പണിയുകയോ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയോ ചെയ്താല്‍ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവില്‍ തന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങള്‍ വച്ചാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരേ 4,316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 834 ആക്രമണങ്ങള്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ല്‍ ഇത് 127 ആയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835ല്‍ അധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,682 പേര് അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതില്പരം തെളിവുകള്‍ ആവശ്യമുണ്ടോ എന്നും മുഖപ്രസംഗം ചോദിക്കുന്നു.
ദീപിക മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:
വേട്ടക്കാരനു കൈയടിച്ച് ഇരയെ തലോടുകയോ!
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാന്‍ പദ്ധതിയിടുന്നതും.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു.
ഏറ്റവും ഒടുവിലെ ഉദാഹരണം മഹാരാഷ്ട്രയില്‍നിന്നാണ്. കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാര്ക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതല്‍ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കര്‍. സംസ്ഥാനത്ത് കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സര്‍ക്കാരിലെ റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികള്‍ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവര്‍ത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാമെന്ന അജന്‍ഡ മാത്രമാകും ഇവര്‍ക്കു മുന്നിലുള്ളത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവര്‍ത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയില്‍ വ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ചില എംഎല്‍എമാരുടെ ആരോപണമാണ് പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിര്‍ബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. മതപരിവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധുലെ, നന്ദര്ബാര് ജില്ലകളില്‍ അനധികൃത പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന് അനുപ് അഗര്‍വാള്‍ എംഎല്‍എ ആരോപിച്ചു. ഇതിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയില്‍ റവന്യു മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് സംസ്ഥാനത്ത് കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചത്.
അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം നടത്തും. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ അനധികൃത പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗോപിചന്ദ് പദല്‍ക്കര്‍ എംഎല്‍എ കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാര്ക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയില്‍ 1321 മുതല്‍ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചരിത്രരേഖകളുണ്ട്. പ്രശസ്തമായ ബോംബെ അതിരൂപത സ്ഥാപിതമായത് 1886ലാണ്. 140-ാം വര്‍ഷത്തിലെത്തിയ ഈ അതിരൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തു ക്രമവിരുദ്ധതയാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ കാണുന്നത്. 1988ലാണ് മഹാരാഷ്ട്രയില്‍ സീറോമലബാര്‍ സഭയുടെ കല്യാണ്‍ രൂപത സ്ഥാപിതമായത്.
മൂന്നര പതിറ്റാണ്ടു പിന്നിട്ട കല്യാണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളിലും നാളിതുവരെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനധികൃതമായി പള്ളികള്‍ നിര്‍മിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജന്‍ഡയിലുള്ള പ്രവൃത്തിയല്ല.
മറ്റു ക്രൈസ്തവ വിഭാഗങ്ങളുള്‍പ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പണിയുകയോ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയോ ചെയ്താല്‍ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവില്‍തന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങള്‍ വച്ചാണെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ നാലിന് ഞങ്ങള്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരേ 4,316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്.
2024ല്‍ മാത്രം 834 ആക്രമണങ്ങള്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ല്‍ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
1,682 പേര് അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതില്പരം തെളിവുകള്‍ ആവശ്യമുണ്ടോ. ഇത്തരത്തില്‍ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാന്‍ പദ്ധതിയിടുന്നതും. ആദ്യം ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കൂ. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തൂ.






