
ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
അതേസമയം, ബ്ലഡ് മണി നല്‍കുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷ പ്രിയക്കായി സുപ്രീം കോടതിയെ സമീപിച്ച സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുളള മലയാളികള്‍ക്ക് സമാഹരിക്കാന്‍ കഴിയുമെന്ന് ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനും സുപ്രീം കോടതിയെ അറിയിച്ചു.






