NEWS

അഞ്ചുവർഷമായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന്​ മോചനം

സൗദി അറേബ്യ: വാഹനാപകടക്കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന്​ മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്. സൗദിയിലെ ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജി​ൻ്റെ ജീവിതം മാറ്റി മറിച്ചത്​ അഞ്ചു വർഷം മുമ്പ്​ നടന്ന വാഹനാപകടമാണ്​. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജർ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സിറാജ്​ ജയിലിലായത്​.

ഇൻഷുറൻസ്​ പരിരക്ഷയുണ്ടായിരുന്നില്ല. അപകടകാരണം ഡ്രൈവറുടെ മേൽ ചാർത്തപ്പെട്ടതോടെ കോടതി, അപകടത്തിൽ മരിച്ചവർക്ക്​ ദയാധനം നൽകാൻ വിധിക്കുകയായിരുന്നു. ഏകദേശം 75 ലക്ഷം രൂപക്ക്​ തുല്യമായ റിയാൽ നൽകിയാൽ മാത്രമേ സിറാജിനു മോചനം സാധ്യമാകൂ. കാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ മകളും ഉള്‍ക്കൊള്ളുന്ന കുടുംബത്തി​ന് ആകെയുള്ള കിടപ്പാടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.

Signature-ad

തുടർന്ന് കുടുംബം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരോട് സഹായമഭ്യർത്ഥിച്ചു.. അദ്ദേഹം നിർദ്ദേശിച്ചതിനെ തുടർന്ന്​ ഐ.സി.എഫ് സൗദി നാഷണൽ കമ്മറ്റി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സിറാജിൻ്റെ കുടുബം നേരിടുന്ന ദുരവസ്​ഥ വിവരിച്ചുകൊണ്ട്​ ദയാധനത്തിൽ കുറവുവരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയും ബന്ധുക്കളോട്​ അഭ്യർത്ഥന നടത്തുകയും ചെയ്​തു. തുടർന്ന്​ മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദയാധനത്തിൽ ഇളവ്​ വരുത്തി.

എന്നാല്‍ ഈ തുകയും നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി സിറാജി​നെ മോചിപ്പിക്കാനായി വേണ്ടി പണം സ്വരൂപിക്കാൻ രംഗത്ത്​ ഇറങ്ങുകയായിരുന്നു. പണം നല്‍കിയതോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലെത്തും.

Back to top button
error: