
അഹമ്മദാബാദ് വിമാനാപകടം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് രാജ്യം ഇതുവരെ മോചനം നേടിയിട്ടില്ല. ഈ ദുരന്തം നിരവധി സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തു. ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത കൂടി ഇന്നലെ പുറത്തുവന്നു. വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ കാത്തിരുന്ന വൈഭവ് പട്ടേൽ (29), ജിനാൽ ഗോസ്വാമി (27) ദമ്പതികളുടെ ജീവിതം കൂടി ഈ അപകടത്തിൽ പൊലിഞ്ഞു. ഏഴ് മാസം ഗർഭിണിയായിരുന്ന ജിനാൽ, ഉദരത്തിലെ കുഞ്ഞുമൊത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്.
ബ്രിട്ടനിൽ താമസിക്കുകയായിരുന്നു ഈ ദമ്പതികൾ. ആദ്യത്തെ കുഞ്ഞിൻ്റെ വരവിനോടനുബന്ധിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ജിനാലിന്റെ ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കാനുമാണ് ഇരുവരും നാട്ടിലെത്തിയത്. ജൂൺ രണ്ടിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബേബി ഷവർ ചടങ്ങ് സന്തോഷപൂർവ്വം നടന്നു. എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വൈഭവും ജിനാലിനും ഉൾപ്പെട്ടിരുന്നു. അപകടസ്ഥലത്ത് നിന്ന്, ജിനാൽ വിമാനത്തിൽ വെച്ച് കയ്യിലേന്തിയാരുന്ന ഒരു ശ്രീകൃഷ്ണ വിഗ്രഹം കണ്ടെത്തി. ഈ ദമ്പതികളുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.
അതിനിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട 247 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു കൈമാറി. ഡിഎൻഎ പരിശോധനയിലായാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. 247 മൃതദേഹങ്ങളിൽ 187 പേർ ഇന്ത്യൻ പൗരന്മാരും 52 പേർ ബ്രിട്ടീഷ് പൗരന്മാരും 7 പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമാണ്. ഇനിയും തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.
അപകടദിവസം മുതൽ കാണാതായ അഹമ്മദാബാദ് സ്വദേശിയായ ചലച്ചിത്ര സംവിധായകൻ മഹേഷ് ജിറാവാല(34)യുടെ മൃതദേഹം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾക്ക് കൈമാറി.
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ജൂൺ 12 ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽത്തന്നെ നിയന്ത്രണം വിട്ട് തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ ഇന്ത്യൻ വംശജനായ ഒരു ബ്രിട്ടീഷ് പൗരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബി.ജെ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലേക്കും പിജി വിദ്യാർത്ഥികൾ താമസിച്ച ഹോസ്റ്റലിലേക്കുമാണ് വിമാനം തകർന്നുവീണത്. ഈ അപകടത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും നിരവധി സാധാരണക്കാരും മരണപ്പെട്ടു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളിയായ രഞ്ജിതയും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പൂർണമായി ലഭിച്ചിട്ടില്ല. ഈ ദുരന്തം രാജ്യത്തിന് വൻനഷ്ടമാണ് വരുത്തിവെച്ചത്.






