വിദേശത്ത് അട്ടിമറിക്ക് ഗുണ്ടാ സംഘങ്ങള്‍; ഇറാന്റെ നിഗൂഢ പ്രവൃത്തികള്‍ വെളിപ്പെടുത്തി സ്വീഡിഷ് ഡോക്കുമെന്ററി; മാധ്യമ പ്രവര്‍ത്തകരെയും ഇസ്രയേല്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടു; സ്വീഡനിലെ എംബസി ആക്രമണവും ഇറാന്റെ പദ്ധതി

ന്യൂയോര്‍ക്ക്: യൂറോപ്പിലാകെ പ്രതിയോഗികളെ ലക്ഷ്യമിട്ടു സ്വീഡിഷ് ഗുണ്ടാ സംഘങ്ങളെ ഇറാന്‍ നിയോഗിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു സ്വീഡിഷ് മാധ്യമം. ഇന്റലിജന്‍സ് രേഖകള്‍, സംഘാംഗങ്ങളുടെ വെളിപ്പെടുത്തല്‍, വിദഗ്ധ വിശകലം എന്നിവ ഉള്‍പ്പെടുത്തി പുറത്തുവിട്ട ഡോക്കുമെന്ററിയിലാണ് ഈ വിവരം. ഇറാന്‍ നിര്‍ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് നീക്കമെന്നും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമത മാധ്യമമായ ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ ജേണലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം.
ഇറാനിലെ വിമതര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ വലിയ കാഴ്ചക്കാരുള്ള ഇറാനിയന്‍ റിപ്പബ്ലിക്ക് ചാനലിനെതിരേ ഇസ്ലാമിക ഭരണകൂടത്തില്‍നിന്നു തുടര്‍ച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട്. ജേണലിസ്റ്റുകള്‍ക്കെതിരേ തെരുവു ഗുണ്ടകളെ മുമ്പ് ഏര്‍പ്പെടുത്തിയെന്നു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. കുര്‍ദിഷ് ഫോക്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവായ റാവ മജീദിനെ വിധിക്കുന്നതിനു പകരമായി ഇസ്രയേലി സംവിധാനങ്ങളെയോ ഇറാന്‍ ഇന്റര്‍നാഷണലിന്റെ ജേണലിസ്റ്റുകളെയോ വധിക്കണമെന്ന് എതിര്‍ സംഘങ്ങളോട് ആവശ്യപ്പെട്ടെന്നും ഡോക്കുമെന്ററി ചൂണ്ടിക്കാട്ടുന്നു.

2023ന്റെ തുടക്കത്തില്‍ മജീദ് ഇറാനിലുണ്ടായിരുന്ന സമയത്തായിരുന്നു ഇയാളുമായുള്ള ബദ്ധം തുടങ്ങിയത്. ഇസ്രയേല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെക്കൂടി ഉദ്ധരിക്കുന്ന ഡോക്കുമെന്ററിയില്‍, മജീദിന് രണ്ട് നിര്‍ദേശങ്ങളാണു ലഭിച്ചത്. ഒന്നുകില്‍ തടവ് അനുഭവിക്കുക. അല്ലെങ്കില്‍ ഇറാനിയന്‍ അധികൃതരുമായി സഹകരിക്കുക. മജീദ് രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തെന്നും പറയുന്നു. സ്‌റ്റോക്ക് ഹോമിലെ ഇസ്രയേലി എംബസിയില്‍ ഗ്രനേഡ് ആക്രമണം നടത്തണമെന്നതായിരുന്നു ആദ്യ അസൈന്‍മെന്റ്. ഈ ഗ്രനേഡ് പൊട്ടിത്തെറിച്ചില്ല.
താമസിയാതെ ഇറാനിയന്‍ ഇന്റലിജന്‍്‌സ് ഇസ്മായില്‍ അബ്‌ദോ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ‘റുംബ’ ഗുണ്ടാ സംഘത്തോട് ആവശ്യപ്പെട്ടു. സിനഗോഗുകള്‍, എംബസികള്‍, ഇറാന്‍ ഇന്റര്‍നാഷണല്‍ പോലുള്ളവ ലക്ഷ്യമിടാനായിരുന്നു നിര്‍ദേശം.
അടിച്ചമര്‍ത്തല്‍: പുതിയ ഘട്ടത്തിന്റെ തുടക്കം
ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാന്റെ നേതൃത്വത്തില്‍ ശത്രുക്കളെ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതിനായി ഗുണ്ടകളെ നിയോഗിക്കുന്നത് ആദ്യമാണെന്നു പറയുന്നു. വിദേശങ്ങളില്‍ അട്ടിമറി നടത്തുന്നതില്‍ ടെഹ്‌റാനുണ്ടായ നയംമാറ്റമാണിതെന്നും ഡോക്കുമെന്റിയില്‍ സംസാരിക്കുന്ന വിദഗ്ധര്‍ പറയുന്നു. ഇതു നയതന്ത്ര പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഇറാന്‍ ഇന്റര്‍നാഷണലിന്റെ ജേണലിസ്റ്റുകള്‍ക്കു നേരേ മുമ്പ് സൈബര്‍ ആക്രമണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.