ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച മുബൈ ഇന്ത്യന്‍സ് തന്നെ താരപുത്രനെ സ്വന്തമാക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നെങ്കിലും ലേലത്തില്‍ അര്‍ജുന് വേണ്ടി മറ്റാരും ആവശ്യമുന്നയിച്ചില്ല. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്.
ഈയിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ ഇടത് കൈയന്‍ ബാറ്റ്‌സ്മാനും ഇടങ്കൈയന്‍ മീഡിയം ഫാസ്റ്റ് ബോളറുമാണ്. കഴിഞ്ഞയാഴ്ച നടന്ന 73-ാമത് പോലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 31 പന്തില്‍ 77 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. കൊളംബോയില്‍ 2018 ല്‍ ശ്രീലങ്കയ്ക്ക് എതിരായ യൂത്ത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മുംബൈ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകള്‍ക്കും അര്‍ജുന്‍ മുമ്പ് കളിച്ചിട്ടുണ്ട്. 2017-18 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അര്‍ജുന്‍ ഇരട്ട അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് നേടുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടില്‍ നമീബിയ അണ്ടര്‍ 19 നെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ച എംസിസി ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍. മുതിര്‍ന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുള്ള നെറ്റ് ബോളിംഗിലും അര്‍ജുന്‍ സ്ഥിരസാനിദ്ധ്യമായിരുന്നു. ഇത് രാജ്യത്തെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ പന്തെറിയാന്‍ അര്‍ജുന് നല്ല അവസരം നേടിക്കൊടുത്തു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാമ്പില്‍ അര്‍ജുന്‍ ഉണ്ടായിരുന്നു.