വിവാഹത്തിന് ശേഷം എല്ലാ ദമ്പതികളുടേയും സ്വപ്‌നമാണ് കുഞ്ഞുങ്ങള്‍. അവരുടെ കളിയും ചിരിയുമായി ആ വീട് നിറയണം. വിവാഹം കഴിയുമ്പോഴെ പദ്ധതിയിട്ടു കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്ന്.രണ്ടോ മൂന്നോ എന്ന കണക്കുകൂട്ടലിലാണ് മിക്ക ദമ്പതിമാരും എന്നാല്‍ ഇവിടെയിതാ 105 കുട്ടികള്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ് റഷ്യന്‍ ദമ്പതികളായ 23കാരിയായ ക്രിസ്റ്റീന 56കാരനായ ഒസ്ടര്‍കും ഗാലിപിനും. ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ ഇപ്പോഴിതാ അവര്‍ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് എടുക്കുക എന്ന മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളെയാണ് അവര്‍ സ്വന്തമാക്കിയത്.
ക്രിസ്റ്റീനയ്ക്ക് പതിനേഴാം വയസ്സില്‍ ജനിച്ച വൈക എന്നൊരു മകള്‍ കൂടി ഉണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിപിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. വിവാഹശേഷം ഇവരുടെ വലിയ ആഗ്രഹമായിരുന്നു വീട് നിറയെ കുഞ്ഞുങ്ങള്‍. അതിനായി എല്ലാ വര്‍ഷവും ഓരോ കുഞ്ഞിന് ജന്മം നല്‍കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ വൈദ്യപരിശോധനയില്‍ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തടുത്ത മാസങ്ങളില്‍ തന്നെ വാടക ഗര്‍ഭധാരണത്തിന് തയ്യാറായവരെ കണ്ടെത്തി.ഒരുതവണയെങ്കിലും മാതാവായ യുവതികളെ മാത്രമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനായി ഇരുവരും തിരഞ്ഞെടുത്തത്. ഇതിനുപുറമേ ഇവര്‍ക്ക് ദുശീലങ്ങള്‍ ഒന്നുമില്ല എന്നും കരാറില്‍ ഒപ്പ് വയ്ക്കുന്നതിനുമുമ്പ് ഉറപ്പു വരുത്തിയിരുന്നു.
അങ്ങനെ 2020 മാര്‍ച്ചില്‍ ആദ്യത്തെ കുഞ്ഞും 2021 ജനുവരിയില്‍ പത്താമത്തെ കുഞ്ഞും പിറന്നു. ലക്ഷക്കണക്കിന് രൂപയാണ് ഓരോ കുഞ്ഞുങ്ങളുടെയും പ്രസവത്തിനായി ചെലവാക്കിയിരിക്കുന്നത്. ഇനി ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നിട്ടുമാത്രമേ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കൂവെന്ന് ക്രിസ്റ്റീന പറയുന്നു.