Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ഇന്ത്യയില്‍ നിന്ന് ഹസീനയെ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ; തല്‍ക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചന നല്‍കി ഇന്ത്യ

 

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്നത്.

Signature-ad

അഭയം ഇന്ത്യ;

മരണത്തിന് വിട്ടുകൊടുക്കില്ലെന്ന സൂചന നല്‍കി ഇന്ത്യ;

ഷെയ്ഖ് ഹസീനയുടെ ഭാവി ഇന്ത്യയുടെ തീരുമാനത്തില്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്ന് രാജ്യം വിട്ട് ഇന്ത്യയിലേക്ക് വന്ന ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈവിട്ടില്ല. ഇപ്പോള്‍ വധശിക്ഷയ്ക്ക് ബംഗ്ലാദേശിലെ ട്രൈബ്യൂണല്‍ വിധിക്കുമ്പോഴും ഇന്ത്യ ഹസീനയ്ക്ക് അഭയമാകുമോ എന്നാണ് ലോകരാഷ്ടങ്ങളൊന്നാകെ ഉറ്റുനോക്കുന്നത്.
ഇന്ത്യയില്‍ അഭയം തേടിയെത്തിയ ഹസീനയെ മരണത്തിന് വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ ഉത്തരം കിട്ടും. വധശിക്ഷയ്ക്ക് ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചനയാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയ നടപടി ശ്രദ്ധയില്‍പെട്ടു എന്നായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.
ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇക്കാര്യം പരാമര്‍ശിക്കാത്ത ഇന്ത്യയുടെ പ്രതികരണം ബംഗ്ലാദേശിനും ലോകരാഷ്ട്രങ്ങള്‍ക്കും നല്‍കുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നിരുന്നാലും അന്താരാഷ്ട്ര നിയമോപദേശവും നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: