വഡോദര മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്ത പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ് പാര്‍ട്ടി. യുവാക്കള്‍ക്കായി കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിംഗ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്.
കോഫി ഷോപ്പുകള്‍ക്ക് പുറമേ ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്കുന്ന ആധുനിക സ്കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും മികച്ച ആരോഗ്യ സംവിധാനങ്ങളും കുറഞ്ഞ കെട്ടിട നികുതി നിരക്കുകളുമെല്ലാം പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം ഈ പ്രകടനപത്രിക ഇറ്റാലിയന്‍ സംസ്കാരത്തിന്റെ സ്വാധീനം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാല്‍ കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭര്ത്താക്കന്മാര്ക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതെന്നും അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു.