Social MediaTRENDING

സൂപ്പര്‍ സ്റ്റാറിന്റെ മുറിയില്‍ കയറി ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു! അതിനൊരു കാരണമുണ്ടായിരുന്നു

ടന്‍ എന്നതിലുപരി നല്ലൊരു നിര്‍മാതാവുകൂടിയാണ് മണിയന്‍ പിള്ള രാജു. മലയാള സിനിമയിലെ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് തന്റെ പ്രൊഡക്ഷനിലായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴും പലരും മോശം ഭക്ഷണം കൊടുക്കുന്നുണ്ടെന്നും മണിയന്‍ പിള്ള രാജു അഭിമുഖത്തില്‍ തുറന്നുപറയുന്നു.

‘സിനിമയില്‍ വന്നിട്ട് അമ്പത് വര്‍ഷമായി. മലയാള സിനിമയിലെ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. നായകന്‍ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കില്‍ എന്റെ യൂണിറ്റില്‍ എല്ലാവരും കുടിക്കണം. അല്ലാതെ എല്ലാവരുടെയും മുന്നില്‍ നിന്ന് നായകനും നായികയ്ക്കും മാത്രമേ ജ്യൂസ് കൊടുക്കുകയുള്ളൂവെന്ന പരിപാടിയേ നടക്കില്ല. എല്ലാവര്‍ക്കും കൊടുക്കണം. ഞാന്‍ ഇത് കണ്ട് വിഷമിച്ചുനിന്നിട്ടുണ്ട്. നമുക്കൊന്നും കിട്ടില്ല, ഇവനൊക്കെ വയറിളകണേയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

Signature-ad

ഭക്ഷണത്തില്‍ കൊതിയുള്ളയാളാണ് ഞാന്‍. എഴുപത്തിയഞ്ച് എഴുപത്തിയാറ് കാലഘട്ടത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നസീര്‍ സാറിനെപ്പോലുള്ള നായകന്മാര്‍ക്ക് ഫിഷ് ഫ്രൈ, മട്ടണ്‍ എല്ലാം. എന്നെപ്പോലെ തൊട്ടുതാഴെയുള്ളവര്‍ക്ക് ബീഫിന്റെ അല്ലെങ്കില്‍ മത്തിക്കറിയൊക്കെയായിരിക്കും. എനിക്ക് ഏറ്റവും സങ്കടം വരുന്നത് ലൈറ്റ് ബോയിസിനൊക്കെ രണ്ട് പൊതി കൊടുക്കും. ഒന്നില്‍ തൈര് സാദം, മറ്റേതില്‍ സാമ്പാര്‍ സാദം, അല്ലെങ്കില്‍ ടൊമാറ്റോ റൈസ്. ഇവര്‍ മാറിയിരുന്ന് പിച്ചക്കാര്‍ കഴിക്കുമ്പോലെ കഴിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും. എന്നെങ്കിലും ജീവിതത്തില്‍ സിനിമയെടുക്കുകയാണെങ്കില്‍ ഹീറോ കഴിക്കുന്ന ഭക്ഷണം ഇവര്‍ക്കും കൊടുക്കുമെന്ന് അന്നുതന്നെ വിചാരിച്ചതാണ്. അതുകൊണ്ട് പത്ത് ലക്ഷം രൂപയുടെ വ്യത്യാസം വരുമായിരിക്കും. പക്ഷേ എന്ത് സന്തോഷമായിട്ടായിരിക്കും അവര്‍ വീട്ടില്‍ പോകുന്നത്.

സേലത്ത് നസീര്‍ സാറിനൊപ്പം അഭിനയിക്കുന്ന സമയം. ഇടിക്കോഴിയെന്നു പറയുന്നൊരു സാധനമുണ്ട്. അത് നമ്മുടെ മൂക്കിന്റെയടുത്തുകൂടി കൊണ്ടുപോകുമ്പോള്‍ നമുക്ക് മണം കിട്ടും. പക്ഷേ നമുക്ക് കഴിക്കാന്‍ കിട്ടില്ല. നസീര്‍ സാറിനും ബഹദൂര്‍ സാറിനൊക്കെയുള്ളതാണ്. ഒരു ദിവസം ഷോട്ടിന്റെ സമയത്ത് പന്ത്രണ്ടരയ്ക്ക് ഇറങ്ങിവന്നിട്ട് നസീര്‍ സാറിന്റെ മുറിയില്‍ കയറി ഇടിക്കോഴിയുടെ ഒരു പിടി വാരിത്തിന്നു. എന്നിട്ട് കുറച്ച് മണ്ണ് വാരിയിട്ടു, ഇളക്കി അടച്ചുവച്ച് പോയി. എന്താണെന്നറിയില്ല ഇതിനകത്തുനിന്ന് വല്ലാതെ മണ്ണ് കടിക്കുന്നെന്ന് നസീര്‍ സാറൊക്കെ പറഞ്ഞു. പിന്നെ പ്രൊഡക്ഷനിലൊക്കെ കുക്കിനെ വഴക്ക് പറയുന്നു. പില്‍ക്കാലത്ത് ഇക്കാര്യം ഞാന്‍ നസീര്‍ സാറിനോട് പറഞ്ഞിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: