Breaking NewsIndiaLead NewsLIFENEWSNewsthen SpecialSportsTRENDING

ബാഗി ബ്ലൂവിലെ 14 വര്‍ഷങ്ങള്‍; നന്ദി പ്രിയപ്പെട്ട കോലി; മാസ്മരികമായൊരു ക്രിക്കറ്റ് കാലത്തിന്; ചെറു പുഞ്ചിരിയില്ലാതെ ടെസ്റ്റ് ക്രിക്കറ്റ് കാലം ഓര്‍ക്കാനാകില്ലെന്ന് വികാര നിര്‍ഭരമായ കുറിപ്പ്; അച്ഛന്റെ മരണക്കിടക്കയില്‍ തുടങ്ങിയ കഠനാധ്വാനം; മടങ്ങുന്നത് സുവര്‍ണ നേട്ടത്തിനരികെ

ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ ‘ബാഗി ബ്ലൂ’ ധരിച്ച് കളിച്ച 14 വര്‍ഷങ്ങള്‍. ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അഞ്ചു ദിവസത്തെ ഫോര്‍മാറ്റ് ഇടയ്ക്കിടെ പരീക്ഷിച്ചു. അതിലേറെ മികവിലേക്ക് ഉയറത്തി. ജീവതത്തില്‍ ഉടനീളം ഉപകരിച്ച പാഠങ്ങളായിരുന്നു ടെസ്റ്റ് എന്നെ പഠിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനം, സമര്‍പ്പണം, മറ്റാര്‍ക്കും കാണാന്‍ സാധിക്കാത്തതും എന്നാല്‍ എന്നില്‍ എന്നന്നേക്കുമായി നിറഞ്ഞു നില്‍ക്കുന്നതുമായ ചെറിയ നിമിഷങ്ങള്‍’.

‘എനിക്ക് സാധ്യമായതൊക്കെയും ക്രിക്കറ്റിന് നല്‍കുകയും ഞാന്‍ പ്രതീക്ഷിച്ചതിലേറെ തിരിച്ചു നല്‍കുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടചൊല്ലുകയെന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, ഇതാണ് ഉചിതമായ സമയമെന്ന് ഞാന്‍ കരുതുന്നു. ക്രിക്കറ്റ് ഫീല്‍ഡ് പങ്കിട്ട സഹതാരങ്ങളേയും എന്റെ വഴി അനായാസമാക്കിയ ഓരോരുത്തരെയും നന്മ കാംഷിച്ച സകലരെയും നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ വിട വാങ്ങുന്നു; ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിനെ സ്മരിക്കാന്‍ എനിക്കാവില്ല..നന്ദി..!”

Signature-ad

ടെസ്റ്റ് ക്രിക്കറ്റിനു വിടചൊല്ലി വിരാട് കോലിയെന്ന വണ്ടര്‍മാന്‍ ബാക്കിയാക്കുന്നതു ചിരകാല അഭിലാംകൂടിയാണ്. എന്നാല്‍, അതും വിട്ടുകളായന്‍ കോലിക്കു കഴിയും. കാരണം, വ്യക്തിപരമായി പരിമിതി നേരിട്ടപ്പോഴെല്ലാം ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ മികച്ചവര്‍ക്കു കൈമാറാന്‍ വിരാട് ഒരിക്കലും മടിച്ചിട്ടില്ല. അതിന്റെ ആവര്‍ത്തനമായി മാത്രം ടെസ്റ്റില്‍നിന്നുള്ള വിരമിക്കലിനെ കാണാം. ക്രിക്കറ്റ് ആ മനുഷ്യന് ജീവനില്‍ അലിഞ്ഞതായിരുന്നു എന്നാണു ഈ വികാരനിര്‍ഭരമായ കുറിപ്പ് വ്യക്തമാക്കുന്നത്.

10,000 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ നേടുകയെന്നതു കോലിയുടെ ചിരകാല അഭിലാഷമായിരുന്നു. ആ സുവര്‍ണനേട്ടത്തിന് 770 റണ്‍സ് മാത്രമകലെ കളിയവസാനിപ്പിക്കുമ്പോള്‍ കളിയോട് അയാള്‍ കാട്ടിയ അര്‍പ്പണ ബോധംകൂടിയാണ് തെളിഞ്ഞുവരുന്നത്.

ക്രിക്കറ്റ് ലോകത്തെ ഒന്നാകെ വേദനിപ്പിച്ചാണു വിരമിക്കല്‍ വരുന്നതെങ്കിലും കോലി ഈ കരളുറപ്പു നേടിയത് യഥാര്‍ഥത്തില്‍ കളിക്കളത്തിനു പുറത്താണ്. 18-ാം വയസില്‍ വാടകവീടിനെ ഒറ്റപ്പെടുത്തി പിതാവ് മരിക്കുമ്പോള്‍ മുന്നില്‍ അനിശ്ചിതത്വം മാത്രമായിരുന്നു. പിതാവ് പ്രേം കോലിയുടെ മരണം അത്രമേല്‍ ആ കുടുംബത്തെ ഉലച്ചു.

ഒരു രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെയൊടുവിലാണ് പ്രേമിന്റെ വിടവാങ്ങലോടെ ജീവിതത്തിന്റെ ക്രീസില്‍ വിരാട് തനിച്ചായത്. എന്നാല്‍, പിതാവിന്റെ ശരീരം മുന്നില്‍ വെച്ച് അന്നത്തെ പ്രിയപരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെ വിളിച്ചൊരു കാര്യം ആവശ്യപ്പെട്ടു- ‘എനിക്ക് കളിക്കണം, മത്സരം പൂര്‍ത്തിയാക്കണം’വിരാടിലെ പോരാളിയെ, അയാളിലൂടെ ലോകം കാണാനിരിക്കുന്ന അത്ഭുതങ്ങളുടെ ആദ്യ സൂചനയായിരുന്നുവത്.

പരിശീലകരും, സഹകളിക്കാരും വിരാടിനെ ആവും വിധം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കണമെന്ന വിരാടിന്റെ നിശ്ചയദാര്‍ഢ്യം അന്ന് വിജയിച്ചു.അമ്പയറുടെ ഒരു തെറ്റായ തീരുമാനത്തില്‍ പുറത്തായെങ്കിലും അഞ്ചു മണിക്കൂറോളം ക്രീസില്‍ ചിലവഴിച്ചു തൊണ്ണൂറിലധികം റണ്‍സ് നേടിയാണ് വിരാട് പവലിയനിലേക്ക് തിരിച്ചു നടന്നത്. പിന്നീടു പോയത് അച്ഛന്റെ സംസ്‌കാര ചടങ്ങുകളിലേക്കും. 1999 ലോകകപ്പിലെ ബ്രിസ്റ്റോള്‍ മൈതാനത്തിന്റെ അതേ ചൂടും ചൂരുമായിരുന്നു ഫിറോസ്ഷാ കോട്‌ല മൈതാനത്തിനും. അച്ഛന്റെ മരണാനന്തരം തിരിച്ചെത്തി സെഞ്ച്വുറി നേടിയ കോലി, സച്ചിന്റെ പിന്‍ഗാമിയെന്ന് അന്നേ കുറിക്കപ്പെട്ടു.

മാതാവ് സരോജ് കോഹ്ലിയോടൊപ്പം തനിച്ചായ പയ്യനില്‍നിന്ന് രാജ്യം കീഴടക്കിയ രാജാവിലേക്കയാള്‍ വളര്‍ന്നു, ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്ന് സാധ്യമായതൊക്കെ കൈപ്പിടിയിലൊതുക്കിയ വിരാടിനെ വിരമിക്കലില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അയാളുടെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടായില്ല..

രണ്ടായിരത്തി പതിനൊന്നില്‍ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് കരിയറില്‍ റണ്‍സുകളും സെഞ്ചുറികളും ഇടവേളകളില്ലാതെ ഒഴുകി. ‘ഫാബ് ഫോര്‍’ എന്ന പേരില്‍ ക്രിക്കറ്റ് ലോകത്ത് സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്ന മൂന്ന് അതികായരോടൊപ്പം താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നെങ്കിലും ‘വിരാടും മറ്റ് മൂന്ന് പേരുമെന്ന’ വേര്‍തിരിവ് വളരെ പ്രകടമായി തന്നെ നിലനിന്നിരുന്നു..

രണ്ടായിരത്തി പതിനൊന്നില്‍ അരങ്ങേറ്റം കുറിച്ച വിരാട് കേവലം ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തിലധികം റണ്‍സും ഇരുപത്തിയേഴ് സെഞ്ചുറികളും നേടി. ഇന്ത്യയിലെ ബാറ്റിങ്ങിന് ഒരല്‍പ്പം സഹായമേറെ ലഭിക്കുന്ന മൈതാനങ്ങളിലേക്കാള്‍ കൂടുതല്‍ വിരാടിന് പ്രിയം ജൊഹാനസ്ബര്‍ഗും ഓവലും ബ്രിസ്ബൈനും അഡ്‌ലൈഡും മെല്‍ബണും ഡര്‍ബനുമൊക്കെയായിരുന്നു. ഇക്കാലയളവിലെ മത്സരങ്ങളിലും അതു കാണാം.

2013 ലെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റ് – ടീമംഗങ്ങള്‍ ഒന്നടങ്കടം പരാജയപ്പെട്ട മത്സരത്തില്‍ വിരാട് ഏറെക്കുറെ ഇന്ത്യയെ അപ്രാപ്യമായ വിജയത്തിന് തൊട്ടരികലെത്തിച്ചു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിക്ക് നാല് റണ്‍സകലെ വരെയും വിരാടിന്റെ ബാറ്റ് ഒറ്റക്ക് പോരാടിയെങ്കിലും വിജയവര കടക്കാന്‍ സഹതാരങ്ങളുടെ മികവ് കൂട്ടിനുണ്ടായിരുന്നില്ല.

2014 ല്‍ ഓസ്ട്രേലിയയുടെ സീമിങ് കണ്ടീഷനില്‍ മിച്ചല്‍ ജോണ്‍സണും റിയാന്‍ ഹാരിസും പീറ്റര്‍ സിഡിലുമുള്‍പ്പെടുന്ന പേസ് ആക്രമണ നിരക്കെതിരെ വിരാട് ഒറ്റക്ക് പൊരുതി. ആദ്യ ഇന്നിങ്‌സില്‍ നൂറ്റിപതിനഞ്ചും രണ്ടാമിന്നിങ്‌സില്‍ നൂറ്റിനാല്‍പ്പത്തിയൊന്നും നേടിയ വിരാട് പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

ധോണി ഒഴിച്ചിട്ട ക്യാപ്റ്റന്‍സി ഒഴിവും വിരാടിലൂടെ പരിഹരിക്കപ്പെട്ടു. റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനെയേല്‍പ്പിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാം നമ്പറിലായിരുന്നു. പ്രതിരോധത്തില്‍നിന്ന് ആക്രമണത്തിലേക്ക് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലി മാറിയതും കോലിയുടെ കാലത്താണ്. ഒരു മേജര്‍ ട്രോഫി ഇല്ലെന്ന ഒറ്റക്കാരണത്താല്‍ വിരാട് ഒരു പരാജയപ്പെട്ട ക്യാപ്റ്റനായി മാറി. അവസാനവട്ട കണക്കെടുപ്പില്‍ ഐസിസി ട്രോഫികളുടെ ശേഖരമില്ലെങ്കിലും വിദേശ ടൂറുകളില്‍ ഒറ്റപ്പെട്ട ജയങ്ങളല്ലാതെ സ്ഥിരമായി നല്ല പ്രകടനം നടത്താനുള്ള ശേഷി സമ്മാനിച്ച ക്രെഡിറ്റ് വിരാട് കോഹ്ലിയുടെ മാത്രമായിരിക്കും.

ഫോര്‍മാറ്റുകള്‍ മാറുന്നതിന് അനുസരിച്ചും പല സാഹചര്യങ്ങളില്‍ അത് ആവശ്യപ്പടുന്ന സാങ്കേതിക മികവിലേക്ക് തന്റെ കളിയെ പരിവര്‍ത്തപ്പെടുത്താന്‍ വിരാടിന് കഴിഞ്ഞിരുന്നു. ആ മികവിന്റെ ഒറ്റവരി ഉദാഹരണമാണ് ഒരേ സമയം ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ടി20 യിലും കൈവശം വെച്ചിരുന്ന ലോക ഒന്നാം നമ്പര്‍ പദവി.

കളിയിലെ സ്ഥിരത അനുക്രമം കൈമോശം വന്ന് തുടങ്ങുന്നത് 2020ല്‍ ആണ്. ആദ്യമാദ്യം ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയമെന്നത് പല സീരീസുകളിലേക്കും ഒടുവില്‍ വര്‍ഷങ്ങള്‍ കടന്ന് അടുത്ത വര്‍ഷങ്ങളിലേക്കുമെത്തി. ഓഫ് സ്റ്റംപിനു വെൡില്‍ നിരന്തരം ക്യാച്ചുകള്‍ നല്‍കി കോലി പുറത്തേക്കു തലകുമ്പിട്ടു നടന്നു. പോസ്റ്റ് കോവിഡ് കാലത്തു കോലിയുടെ കളി മങ്ങിയതോടെ സെഞ്ചുറിയുടെ എണ്ണത്തില്‍ ജോ റൂട്ട് മറികടന്നു. ഇന്ന് അഞ്ചു സെഞ്ചുറികള്‍ കോലിയെക്കാള്‍ അധികമുണ്ട് റൂട്ടിന്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ എന്ന ഖ്യാതി കൂടെ സ്വന്തമാക്കി കളിക്കളത്തോട് വിടപറയാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്ന കരിയര്‍ 46 എന്ന ശരാശരിയില്‍ ഒതുക്കിയാണു കോലി പിന്‍മാറുന്നത്. കോലിക്ക് അതിനുള്ള കരളുറപ്പുണ്ടെങ്കിലും കളിയാരാധകര്‍ക്ക് എക്കാലത്തെയും വേദനയായി അതവശേഷിക്കും.

Back to top button
error: