KeralaNEWS

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്‌ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

Signature-ad

ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകള്‍ ശരിയായി പതിയാത്തതുമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. 2 വര്‍ഷം വരെ തടവും നിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തുക.

 

Back to top button
error: