മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ 24 ന്യൂസ് വിടുന്നത് മാനേജ്‌മെന്റിനോട് ഇടഞ്ഞെന്നു സൂചന. കരാർ കാലവധി അവസാനിക്കാൻ ഇരിക്കെ ഇന്നലെയാണ് ഹർഷൻ 24 ന്യൂസ് മാനേജ്‌മെന്റിനു രാജി നൽകുന്നത്.
“ഐ ക്വിറ്റ്, സംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോർ ന്യൂസ് ജീവിതം അവസാനിപ്പിച്ചു ” എന്ന് പാതിരാത്രി ഫേസ്ബുക് പോസ്റ്റുമിട്ടാണ് ഹർഷൻ 24 -മായുള്ള ബന്ധം അവസാനിപ്പിച്ചത്.ഇതിലെ “സംഭവ ബഹളം “എന്നതിനെ പലരും കമന്റിൽ ഉയർത്തിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം 24 നൽകിയ തെരഞ്ഞെടുപ്പ് സർവേയിൽ ഗ്രാമങ്ങളിലെ അഭിപ്രായങ്ങൾ സർവേയിൽ പ്രതിഫലിക്കുന്നില്ല എന്ന ഹർഷന്റെ പരാമർശം തത്സമയ ചർച്ചയിൽ വിവാദമായിരുന്നു. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ അടക്കമുള്ളവർ ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർവേ നിലനിൽക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഒടുവിൽ അവതാരകർ നിരവധി ന്യായങ്ങൾ ചർച്ച മുന്നോട്ട് പോകാൻ പറയേണ്ടി വന്നു.
അതേസമയം, ഹർഷൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും ഉടുമ്പഞ്ചോലയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ചില മാധ്യമങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ് എന്നാണ് വിവരം.
ബിരുദ പഠനത്തിനുശേഷം ഹർഷൻ ആദ്യമായി ജോലി ചെയ്യുന്നത് കൈരളിയിലാണ്. 2003ലാണ് ഹർഷൻ കൈരളി ടിവിയിൽ എത്തുന്നത്. പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ അംഗമായിരുന്നു.
5 വർഷത്തെ കൈരളി ജീവിതം അവസാനിപ്പിച്ച് 2008 ഓടുകൂടി ഏഷ്യാനെറ്റിലേക്ക് ചേക്കേറുന്നു.
പിന്നീട് മീഡിയവണിന്റെ ഭാഗമായി.ചാനലുകളിൽ ജോലി ചെയ്തിരുന്ന പ്പോഴും ഹർഷൻ സാമൂഹിക വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി തനിക്ക് ബോധ്യമുള്ള കാര്യങ്ങളിൽ നിരന്തരം ഹർഷൻ ഇടപെട്ടിരുന്നു. അത് ചെറുതല്ലാത്ത ആരാധകരെയും ഹർഷന് സമൂഹികമാധ്യമങ്ങളിൽ ഉണ്ടാക്കിക്കൊടുത്തു. ട്വന്റി ഫോർ ന്യൂസ് തുടക്കംമുതൽ ഹർഷൻ പങ്കാളിയായി. 24 വളർച്ചയിലും നിർണായകമായ പങ്കാണ് വഹിച്ചത് എന്നാൽ ശ്രീകണ്ഠൻ നായരും ആയുള്ള സ്വരച്ചേർച്ചയില്ലായ്മ ഹർഷന് പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു.