കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്

ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്.
അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു.
ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സെയ്കിയ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ഐപിഎല്‍ മത്സരങ്ങള്‍ക്കിടയിലും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. മുംബൈ- സണ്‍റൈസേഴ്‌സ് മത്സരങ്ങള്‍ക്കിടയിലാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. കളിക്കുമുമ്പ് ഒരുമിനുട്ട് മൗനമായി നിന്നായിരുന്നു ആക്രമണത്തെ അപലപിച്ചത്. ഇരു ടീമിന്റെ ക്യാപ്റ്റന്‍മാരും ആക്രമണത്തെ അപലപിച്ചിരുന്നു. കളിക്കാരും മാച്ച് ഉദ്യോഗസ്ഥരും കമന്റേറ്റര്‍മാരും മറ്റു സ്റ്റാഫുകളും കൈയില്‍ കറുത്ത ബാഡ്ജും ധരിച്ചു.
മത്സരം അതീവശ്രദ്ധയോടെയാണു പൂര്‍ത്തിയാക്കിയത്. സാധാരണയുണ്ടാകാറുള്ള ചീയര്‍ ലീഡര്‍മാരുടെ പ്രകടനവും ഒഴിവാക്കി. ആഘോഷത്തിന്റെ ഭാഗമായുള്ള വര്‍ണവെടിക്കെട്ടും, ഡിജെ പരിപാടികളും ഒഴിവാക്കി.






