
ചെന്നൈ: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് എത്തിയ കണ്ടെയ്നറിലെ സാധനങ്ങള്‍ കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറില്‍ നിന്ന് ഒമ്പത് കോടി രൂപ വില വരുന്ന വെള്ളി ബാറുകളാണ് മോഷണം പോയത്. 922 കിലോഗ്രാം ഭാരം വരുന്ന വെള്ളിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിച്ച സാധനമാണ് കാണാതായത്. രണ്ട് കണ്ടെയ്നറുകളിലാണ് സാധനം എത്തിച്ചത്. ഒന്നില്‍ 20 ടണ്ണും മറ്റൊന്നില്‍ 19 ടണ്ണും.
കണ്ടെയ്നറില്‍ നിന്ന് ഇറക്കിയ സാധനം ലോറിയില്‍ കമ്പനിയുടെ വെയര്‍ഹൗസിലേക്ക് കൊണ്ട് പോയ ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് തൂക്കത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്ത ശേഷം ലോറിയില്‍ കയറ്റി വിടുന്നതിന് മുമ്പ് രണ്ട് തവണ കണ്ടെയ്നര്‍ തുറന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീപെരുമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്തത്.
ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോഴാണ് ഒരു തവണ രണ്ട് മിനിറ്റും രണ്ടാമത്തെ തവണ 16 മിനിറ്റും കണ്ടെയ്നര്‍ തുറന്നതായി കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് കമ്പനി മാനേജര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. എന്നാല്‍ സാധനം എവിടേക്കാണ് കൊണ്ടുപോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് നല്‍കുന്ന പ്രതികരണം.






