KeralaNEWS

ദേവീ വിഗ്രഹത്തില്‍ നനവില്ല; മേല്‍ശാന്തിക്ക് സ്ഥലം മാറ്റം, വിഷയം ഹൈക്കോടതിയില്‍

കൊല്ലം: ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കല്‍ കുമ്പല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാന്‍ നിര്‍ദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്. എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സൈനുരാജ് ക്ഷേത്രം സന്ദര്‍ശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാര്‍ത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.

Signature-ad

അഭിഷേകവും കഴിഞ്ഞു മുഖംചാര്‍ത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് തന്ത്രിമാര്‍ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാന്‍ കഴിയില്ല. ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.

എന്നാല്‍ 5.30നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാല്‍ ഈര്‍പ്പം പിടിക്കാതിരിക്കാന്‍ അഭിഷേകം കഴിഞ്ഞാലുടന്‍ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാര്‍ മറുപടിനല്‍കി. അന്നേദിവസം അരക്കാപ്പുള്ളതിനാല്‍ അഭിഷേകത്തിനുശേഷം മുഖംചാര്‍ത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി.

ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും മേല്‍ശാന്തിയെ സ്ഥലംമാറ്റുകയായിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താല്‍ ദേവസ്വം ബോര്‍ഡില്‍ ശിക്ഷിച്ചിട്ടില്ല. ഭരണാനുകൂല യൂണിയനില്‍ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്. 2018ല്‍ ദേവസ്വം ബോര്‍ഡില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍ ഇതുവരെ ഒരു യൂണിയനിലും ചേര്‍ന്നിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: