കരിമണല്‍ കര്‍ത്തയുടെ ഡയറിയിലെ യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ? അന്വേഷിക്കാന്‍ ഇഡിയും സിബിഐയും; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറും; പണം വാങ്ങിയെന്നു സമ്മതിച്ച ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കുരുക്കായേക്കും

തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന കേസില്‍ വീണയ്‌ക്കെതിരേ എസ്എഫ്‌ഐഒ അന്വേഷണത്തിനു പിന്നാലെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐയും ഇഡിയും അന്വേഷണത്തിന്. കമ്പനിക്കു നിയമവിരുദ്ധമായ പരിഗണന ലഭിക്കാന്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയെന്ന കേസാകും അന്വേഷിക്കുക.
കേസില്‍ കമ്പനി കാര്യപ്രകാരമുളള് അന്വേഷണം പൂര്‍ത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടുകെട്ടേണ്ടത് ഇഡിയാണ്. രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ഇതു വിജിലന്‍സും സിബിഐയുമാണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍ ചേര്‍ത്തശേഷം ഇതിന്റെ പകര്‍പ്പ് ഇഡിയും സിബിഐയും കൈപ്പറ്റും.

രണ്ടുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത രേഖകളില്‍ വിവിധ നേതാക്കള്‍ക്കു പണം നല്‍കിയെന്നതിന്റെ വിവരങ്ങളുമുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാപനങ്ങള്‍, നേതാക്കള്‍ എന്നിവര്‍ക്കു നല്‍കിയ പണത്തിനൊപ്പം അവരുടെ ചുരുക്കപ്പേരുകളും എഴുതിയിരുന്നു. ഇതെല്ലാം കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണെന്നു സുരേഷ് കുമാര്‍ മൊഴി നല്‍കിയിരുന്നു.
കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍ സി. എന്നീ ഇനീഷ്യലുകളാണ് എഴുതിയിരിക്കുന്നത്. ഇതില്‍ കെകെ എന്നാല്‍ കുഞ്ഞാലിക്കുട്ടി, എജി എ. ഗോവിന്ദനും ഒസി ഉമ്മന്‍ ചാണ്ടിയെന്നും പറയുന്നു. പിവി എന്നാല്‍ പിണറായി വിജയന്‍, ഐകെ എന്നാല്‍ ഇബ്രാഹിംകുഞ്ഞ്, ആര്‍സി എന്നാല്‍ രമേശ് ചെന്നിത്തലയെന്നാണ് വിശദീകരണം. സുരേഷ് കുമാര്‍ നല്‍കിയിരിക്കുന്ന മൊഴിയുടെ ഭാഗമാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും മറ്റു തടസങ്ങള്‍ വ്യവസായത്തില്‍ വരാതെയിരിക്കാനുമാണ് പണം നല്‍കുന്നതെന്നാണ് സുരേഷ് കുമാറിന്റെ വിശദീകരണം. ഉടമയായ ശശിധരന്‍ കര്‍ത്തായുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും മൊഴിയുണ്ട്.
ഇതില്‍ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പണം കൈപ്പറ്റിയെന്നു വ്യക്തമാക്കിയിരുന്നു. ഡയറിക്കുറിപ്പില്‍ പറയുന്ന പി.വി. താനല്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വീണ വിജയനെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതു രണ്ടു കമ്പനികള്‍ തമ്മിലുള്ള നിയമപ്രകാരമുള്ള ഇടപാടാണെന്നും അതു ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നും കുറ്റകൃത്യം കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. കോടതിയിലെ സൂഷ്മ പരിശോധന കഴിഞ്ഞാല്‍ കേസില്‍ തീരുമാനമാകും. ഈ സാഹചര്യത്തിലാണ് കേസില്‍ ഉള്‍പ്പെടുന്ന ഡയറിയിലെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ഒരുപോലെ ഇടതു-വലതു പക്ഷത്തിനു കുരുക്കാകുമെന്നും വിലയിരുത്തുന്നു.