അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് റദ്ദാക്കി ബോംബെ ഹൈക്കോടതി. സഹോദരി മീട്ടു സിങ്ങിനെതിരെ നടി റിയ ചക്രവര്‍ത്തി നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറാണ് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എ. എസ് കര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്കാ സിംഗിനെതിരായ എഫ്ഐആര്‍ നിലനില്‍ക്കുമെന്നും ഇവര്‍ക്കെതിരായ അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി അറിയിച്ചു.
സഹോദരിമാരും ഒരു ഡോക്ടറും നല്കിയ മരുന്ന് കുറിപ്പടി വാങ്ങി അഞ്ചു ദിവസത്തിനു ശേഷമാണ് സുശാന്ത് മരണപ്പെട്ടതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് റിയാ ചക്രവര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ എട്ടിന് മുംബൈ പോലീസ് സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിംഗ്, മീട്ടൂ സിംഗ്, റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍ തരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി മീട്ടു സിംഗിനെതിരായ എഫ്ഐആര്‍ റദ്ദാക്കുകയുമായിരുന്നു.