Breaking NewsKeralaLead NewsLocalNEWS

അഴിമതിയില്ലാതെ ഭരിച്ചപ്പോള്‍ പണം മിച്ചം; വൈദ്യുതി, പാചകവാതക ബില്ലുകളുടെ 25 ശതമാനം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ട്വന്റി 20; പദ്ധതി പ്രഖ്യാപിച്ച് സാബു ജേക്കബ്; സര്‍ക്കാര്‍ തടഞ്ഞാല്‍ കോടതിയില്‍ നേരിടും

കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാര്‍ജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കും. തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. വൈദ്യുതി പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാട്ടില്‍ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്. അഴിമതിയില്ലാതെ ഭരണം നടത്തിയാല്‍ ഇപ്പോള്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകതന്നെ അധികമാണെന്നും ഇത്തരത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു.

പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷന്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ആനുകൂല്യം ലഭിക്കും. ഇരു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും.

Signature-ad

രണ്ടു പഞ്ചായത്തുകളിലേയും കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി വീടുകളില്‍ കൊതുകു ബാറ്റുകള്‍ നല്‍കും. കൂടാതെ, ഓരോ കുടുംബങ്ങളുടെയും ആവശ്യത്തിന് അനുസരിച്ചു ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകള്‍, മുട്ടക്കോഴികള്‍, ബയോ ബിന്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി ടേബിള്‍, വൃദ്ധജനങ്ങള്‍ക്കു കട്ടില്‍ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളുണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. അനുമതിക്കായി ശ്രമിക്കും. സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത്‌രാജ് നിയമത്തില്‍ പറയുന്നത് അനുസരിച്ചു കോടതിയെ സമീപിച്ച് അനുമതി നേടിയെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: