Breaking NewsCrimeKeralaLead NewsNEWS

തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു; കടയുടെ ഷട്ടര്‍ തുറന്നുവച്ചത് ഒന്നര മണിക്കൂര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തലോര്‍: മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച.ഏകദേശം 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.തലോര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയത്.

മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടേബുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്‍പിലേക്ക് ഇവരുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.

Signature-ad

ഏകദേശം ഒന്നര മണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.ഈ സമയത്ത് മൊബൈല്‍ ഷോപ്പിന് സമീപത്തെ കടയിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പ് ഡ്രൈവര്‍ വരുന്നത് കണ്ട് മോഷ്ടാക്കള്‍ കാറെടുത്ത് പോകുകയായിരുന്നു. തൈക്കാട്ടുശേരി റോഡിലേക്ക് തിരിഞ്ഞുപോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: