IndiaNEWS

പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; സ്വകാര്യ ഭാഗത്തും തുടയിലും ഗുരുതര പൊള്ളല്‍

ഭോപ്പാല്‍: അടുത്തകാലത്തായി ഏറ്റവും അധികം കേള്‍ക്കുന്ന അപകടങ്ങളില്‍ ഒന്നാണ് സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്നത്. ഞായറാഴ്ചയാണ് കേരളത്തില്‍ ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണ്‍ ചെയ്ത യുവാവ് മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഇപ്പോഴിതാ സമാനമായ മറ്റൊരു അപകടമുണ്ടായിരിക്കുകയാണ് മദ്ധ്യപ്രദേശില്‍. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. പരിക്കേറ്റ അരവിന്ദ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നൈന്‍വാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഹൈവേയിലൂടെയുള്ള യാത്രക്കിടെയായിരുന്നു അപകടം. അരവിന്ദ് ധരിച്ചിരുന്ന പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്.

Signature-ad

യുവാവിന്റെ തുടയ്ക്കും സ്വകാര്യഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡില്‍ വീണതിനെ തുടര്‍ന്ന് യുവാവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നാതായും വീട്ടില്‍ നിന്നിറങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നും അരവിന്ദിന്റെ സഹോദരന്‍ പറയുന്നു.

 

Back to top button
error: