CrimeNEWS

ഷിബിലയെ കൊന്ന യാസിറും ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയില്‍; കട ലഹരിയുടെ കേന്ദ്രമെന്ന് നാട്ടുകാര്‍

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയിലെന്ന് വിവരം. താമരശേരി ചുരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഈ കട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരാതികള്‍ ഉയര്‍ന്നതോടെ കട അടച്ചുപൂട്ടിയിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷം തുറന്ന കടയുടെ മറവില്‍ ലഹരി വില്‍പ്പന വ്യാപകമായി നടക്കുന്നുവെന്നാണ് പരാതി.

അതേസമയം, ഭാര്യയെ കൊന്ന കേസില്‍ യാസിര്‍ റിമാന്‍ഡിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഈങ്ങാപ്പുഴയില്‍ നടന്നത്. വീട്ടിലെത്തിയ പ്രതി ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഭാര്യ ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ലഹരിയെ തുടര്‍ന്നുണ്ടായ കുടുംബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Signature-ad

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ഷിബിലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്‌മാനായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. ഭാര്യയെ തന്നില്‍ നിന്ന് അകറ്റിയത് അബ്ദുറഹ്‌മാനാണെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയില്‍ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല.

കഴിഞ്ഞ മാസമാണ് ആഷിക് മാതാവ് സുബൈദയെ വെട്ടിക്കൊന്നത്. ബ്രെയിന്‍ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂര്‍ണമായും കിടപ്പിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. ബംഗളൂരുവിലെ ഡി അഡിഷന്‍ സെന്ററിലായിരുന്ന ആഷിക് ഉമ്മയെ കാണാന്‍ എത്തിയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ ശേഷം ആഷിക് കടന്നുകളയുകയായിരുന്നു.

 

Back to top button
error: