Lead NewsNEWS

ഗ്രേറ്റയുടെ ടൂൾ കിറ്റിൽ ഉള്ളത് കർഷക സമരത്തെ പിന്തുണയ്ക്കുന്ന കുറിപ്പ്, ഇതിൽ രണ്ടു വരി എഡിറ്റ് ചെയ്തതിന്റെ പേരിൽ 21 കാരി ദിഷയെ അറസ്റ്റ് ചെയ്തത് ക്രൂരം എന്ന് സോഷ്യൽ മീഡിയ

കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൺബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്തതിന്റെ പേര് 21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കേന്ദ്രസർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നു എന്നാണ് വിമർശനം.

ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ദിഷയ്ക്ക് പിന്തുണ കൂടുകയാണ്. സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ ദിഷ ഒരു തീവ്രവാദിയോ ഭീകരവാദിയോ അല്ല. കയ്യിൽ മാരകായുധങ്ങളുമായി നടക്കുന്ന ആളുമല്ല. ട്വിറ്ററിൽ ഒരു വിഷയം വിശദീകരിക്കാൻ നിർമ്മിക്കുന്ന ലഘുലേഖ ആണ് ടൂൾകിറ്റ്. താഴെ തലത്തിൽ വരെ ഈ വിഷയത്തെ ഏതുതരത്തിൽ അഭിസംബോധന ചെയ്യണമെന്ന പോയിന്റുകൾ ടൂൾകിറ്റിൽ ഉണ്ടാകും.

Signature-ad

പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കടക്കം പ്രക്ഷോഭത്തെ വിശദീകരിക്കുന്ന ആധികാരികമായ വിവരശേഖരം ആണിത്. സമാന പ്രതിഷേധത്തിന്റെ വിവരങ്ങൾ, വൻപ്രതിഷേധനീക്കങ്ങൾ എന്നിവയൊക്കെ ടൂൾകിറ്റ് വിശദീകരിക്കും.

21 കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷയെ അറസ്റ്റ് ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇരമ്പുന്നത്. ” ടൂൾകിറ്റിന്റെ വൃത്തികെട്ട വ്യാഖ്യാനമാണ് ഇപ്പോൾ ഐടി സെല്ലുകൾ നൽകുന്നത്. നിർത്തണം ഇത്തരം വൃത്തികെട്ട പരിപാടികൾ ” നടൻ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

” ബിജെപി ഉദ്ദേശിക്കുന്നത് ഒരു രാജ്യാന്തര സെലിബ്രിറ്റി കർഷക സമരത്തെപ്പറ്റി പങ്കുവെച്ച രേഖപ്രകാരം തകിടം മറിയാവുന്നത്ര ദുർബലമാണ് ഇന്ത്യ എന്നാണ്. രാജ്യം ഒരു ടൂൾ കിറ്റിനേക്കാൾ ശക്തമാണെന്ന് ബിജെപി ഓർക്കണം. ” ശിവസേന എംപി പ്രിയങ്കാ ചതുർവേദി പ്രതികരിച്ചു.

ദിഷയുടെ മോചനമാവശ്യപ്പെട്ട് ബംഗളൂരുവിൽ പ്രതിഷേധപ്രകടനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ആണ് ഇത് സംഘടിപ്പിക്കുക. പരാജയം മറച്ചുവെക്കാൻ സർക്കാർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആണ് ദിഷ അറസ്റ്റിലായതെന്ന് ജെ എൻ യു യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ് വ്യക്തമാക്കി.

കൊടുംക്രൂരത എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ദിഷയുടെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. തന്റെ എല്ലാ പിന്തുണയും ദിഷക്ക് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശുദ്ധവായുവിനും ശുദ്ധജലത്തിനും ജീവിക്കാൻ അനുകൂലമായ സാഹചര്യത്തിനും വേണ്ടി പോരാടുന്ന 21 വയസ്സുകാരിയാണ് ദിഷ. ഭരണകൂട അക്രമമാണ് ദിഷക്കെതിരെ അരങ്ങേറുന്നത് ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കണം. നിശബ്ദത അല്ല ഇവിടെ വേണ്ടത്. ” ബ്രിട്ടീഷ് എംപി ക്ളോഡിയ വെബ്ബ് പ്രതികരിച്ചു.

എല്ലാവരെയും പിടിച്ചു ജയിലിലടച്ചാൽ നികുതിയടയ്ക്കാൻ പിന്നെ ആരുണ്ടാകും എന്നാണ് നടി റിച്ച ചദ്ദ പ്രതികരിച്ചത്. “കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ടൂൾ കിറ്റ് ആണോ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തേക്കാൾ അപകടകരം. അസംബന്ധ നാടകത്തിന്റെ കൂത്തരങ്ങായി ഇന്ത്യ മാറുന്നു. അടിച്ചമർത്തലുകാരുടെ ഉപകരണമായി ഡൽഹി പോലീസും. ” കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പ്രതികരിച്ചു. വിദ്യാർഥികൾ ഒന്നാകെ പ്രതിഷേധ രംഗത്ത് വരണമെന്ന് ചിദംബരം ആഹ്വാനം ചെയ്തു.

” കർഷകരുടെ പേരക്കുട്ടിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്താൽ കർഷകപ്രക്ഷോഭം ദുർബലമാകും എന്ന് മോഡി സർക്കാർ കരുതുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ത്യൻ യുവത്വത്തിന് ശക്തി പകരുകയാണ് ഈ നടപടി ചെയ്യുക. ” സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ദിഷയെ ഉടൻ വിട്ടയക്കണമെന്ന് പ്രക്ഷോഭ രംഗത്തുള്ള സംയുക്ത കർഷക മോർച്ച ആവശ്യപ്പെട്ടു. നരേന്ദ്രമോഡി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വലിയ പ്ലാറ്റ്ഫോം ആവുകയാണ് സോഷ്യൽ മീഡിയ. കർഷക സമരത്തെ പിന്തുണയ്ക്കുന്ന നിരവധി അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാൻ അധികാരികൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച ദിഷയെ കോടതിയിൽ ഹാജരാക്കി. കോടതിമുറിയിൽ ദിഷക്കൊപ്പം അഭിഭാഷകൻ ഉണ്ടായിരുന്നില്ല. തന്റെ കേസ് ദിഷ സ്വയം വാദിച്ചു.

Back to top button
error: