CrimeNEWS

ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണി; ‘പ്രവാചകന്‍ ബജീന്ദര്‍’ക്കെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ‘പ്രവാചകന്‍’ പഞ്ചാബ് ജലന്ദറിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ പരാതികള്‍ ഉന്നയിച്ച് യുവതിയും കുടുംബവും രംഗത്ത്. തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സംഭവം പുറത്തറിയിച്ചപ്പോള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

2017 മുതല്‍ 2023 വരെ ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിന്റെ പാസ്റ്ററായിരുന്നു ബജീന്ദര്‍. ഞായറാഴ്ചകളില്‍ സിങ് യുവതിയെ പള്ളിയില്‍ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോളേജില്‍ പോകുമ്പോള്‍ പിന്നാലെ കാറുകള്‍ അയയ്ക്കുകയും വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടരുകയും ചെയ്തുവെന്ന് യുവതി പറയുന്നു. മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് ബജീന്ദറിന്റെ സംഘം യുവതിയെ മാനസികമായി സംഘര്‍ഷത്തിലാക്കിയത്. പാസ്റ്റര്‍ അടിയ്ക്കടി സിംകാര്‍ഡുകള്‍ മാറ്റിക്കൊണ്ടേയിരിക്കുകയും ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.

Signature-ad

ബജീന്ദറിന് കറുപ്പ് കച്ചവടമുണ്ടായിരുന്നതായും ഡല്‍ഹി ജി.ബി റോഡിലെ ബ്രദേഴ്സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി ആരോപിച്ചു. ബജീന്ദറിന്റെയും കൂട്ടാളികളുടെയും ചെയ്തികളെ ചോദ്യം ചെയ്തവരെല്ലാം കൊല്ലപ്പെടുകയോ ഭീഷണിപ്പെടുത്തി അടക്കിയിരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ബജീന്ദറിന്റെ വീഡിയോ സന്ദേശങ്ങളും യുവതിയുടെ വീട്ടില്‍ വന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ബജീന്ദര്‍ സിങ് പറഞ്ഞു. താന്‍ എവിടേക്കും ഓടിപ്പോകാന്‍ പദ്ധതിയിടുന്നില്ലെന്നും രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് താനെന്നും അത്തരം തെറ്റായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്നുമായിരുന്നു ബജീന്ദറിന്റെ പ്രതികരണം. തനിക്കെതിരെ കുറ്റം ആരോപിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബജീന്ദര്‍ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് ബജീന്ദര്‍ സദസ്സിനോട് സംസാരിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

പരാതിക്കാരിയായ യുവതി വന്നത് അവരുടെ അമ്മ, സഹോദരന്‍, ഭര്‍ത്താവ് എന്നിവരോടൊപ്പമായിരുന്നുവെന്ന് ജലന്ദര്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ ബബന്ദീപ് സിങ് പറഞ്ഞു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത് പാസ്റ്റര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

Back to top button
error: