പ്രതിപക്ഷ നേതാവിന് എം സ്വരാജ് എം എൽ എ യുടെ മറുപടി, താൻ വിശ്വാസികളെ വേദനിപ്പിച്ചിട്ടില്ല
പ്രതിപക്ഷ നേതാവിനോട് സ്നേഹാദരങ്ങളോടെ..
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോൾ അദ്ദേഹം ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയിൽ പെട്ടു .
‘വിശ്വാസികളെ വേദനിപ്പിയ്ക്കും വിധം പ്രസംഗിച്ച ആളാണ് ഇവിടുത്തെ MLA’ എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
ബഹുമാന്യനായ പ്രതിപക്ഷ നേതാവിനോട് വിനയപൂർവം അറിയിക്കട്ടെ,
ഞാനൊരു വിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുമില്ല. വിശ്വാസികളുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഇവിടുത്തെ
MLA എന്ന നിലയിൽ ഇക്കാലമത്രയും പ്രവർത്തിച്ചതെന്ന് തൃപ്പൂണിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളോടോ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളോടോ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും. ആരാധനാലയങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം
MLA സ്വീകരിച്ച നിലപാട് അവർ പറയും.
ഒരു തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പ് സംഘടിപ്പിച്ച പ്രചരണ ജാഥയായിട്ടും തൃപ്പൂണിത്തുറയിലെത്തിയപ്പോൾ എഴുതിയ കുറിപ്പിൽ വികസന കാര്യങ്ങളെപ്പറ്റി യാതൊരു വിമർശനവും അങ്ങുയർത്തിയില്ല. അക്കാര്യത്തിൽ സ്ഥലം MLA ആയ എന്നെ കുറ്റപ്പെടുത്തിയതുമില്ല.
ആ യാഥാർത്ഥ്യബോധത്തിന് പ്രതിപക്ഷ നേതാവിനോട് നന്ദി പറയുന്നു.
ഒരു MLA യുടെ പ്രവർത്തനം വിലയിരുത്തേണ്ടത് നിയമസഭയിലെ പ്രവർത്തനവും മണ്ഡലത്തിലെ വികസന പദ്ധതികളും പരിശോധിച്ചുകൊണ്ടാണല്ലോ.
എനിയ്ക്കുറപ്പുണ്ട് വികസന സംബന്ധിയായി അങ്ങ് സ്ഥലം MLA യ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നെങ്കിൽ അങ്ങയുടെ പാർട്ടി പ്രവർത്തകർ തന്നെ അങ്ങയെ തിരുത്തുമായിരുന്നു. അവർ തന്നെ തൃപ്പൂണിത്തുറയിലെ വികസന സാക്ഷ്യങ്ങൾ അങ്ങേയ്ക്ക് കാണിച്ചു തരുമായിരുന്നു.
പ്രതിപക്ഷ നേതാവ് പ്രസംഗം കഴിഞ്ഞ് വേദി വിട്ട് കാറിലേയ്ക്ക് കയറുമ്പോൾ അവിടെ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് നീളുന്ന റോഡ് ടൈൽ പാകി മനോഹരമാക്കിയിരിയ്ക്കുന്നത് കാണാം. അത് ഈ ഭരണകാലത്താണെന്ന് അവർ പറയുമായിരുന്നു.
അങ്ങയുടെ ജാഥയിലുള്ള വാഹനങ്ങൾക്ക് തടസമേതുമില്ലാതെ സഞ്ചരിയ്ക്കാൻ കഴിഞ്ഞത് തൃപ്പൂണിത്തുറയിൽ മുക്കിന് മുക്കിന് മുമ്പുണ്ടായിരുന്ന അന്യായ ടോൾ പിരിവ് കേന്ദ്രങ്ങൾ അടച്ചു പൂട്ടിയതുകൊണ്ടാണെന്നും ടോൾരഹിത തൃപ്പൂണിത്തുറ യാഥാർത്ഥ്യമായത് ഇപ്പോഴാണെന്നും അവർ പറയുമായിരുന്നു.
അങ്ങയുടെ ജാഥാ സ്വീകരണ വേദിയുടെ വിളിപ്പാടകലെ ഗവ.ഗേൾസ് ഹൈസ്കൂളിലെ 5 കോടി രൂപ ചിലവഴിച്ച് നിർമിച്ച മനോഹരമായ രണ്ടു വലിയ കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് അവർ കാണിച്ചു തരുമായിരുന്നു.
തൊട്ടടുത്ത് ഗവ.ബോയ്സ് ഹൈസ്കൂളിൽ ഇക്കാലത്ത് പണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയവും , സ്പോർട്സ് കോംപ്ലക്സും , പവലിയനുകളും അങ്ങയുടെ പ്രവർത്തകർ തീർച്ചയായും കാണിച്ചു തരുമായിരുന്നു.
ഒപ്പം അവിടെ പണി നടക്കുന്ന BEd കോളേജ് കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികളും കാണാനാവുമായിരുന്നു . അവിടെത്തന്നെ ഒരു കോടി രൂപ ചിലവിൽ പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമാണത്തിന് ശിലാസ്ഥാപനം നിർവഹിയ്ക്കാൻ പോകുന്നുവെന്നും മനസിലാക്കാൻ കഴിയുമായിരുന്നു.അങ്ങനെ നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് സ്വരാജ് പ്രതിപക്ഷ നേതാവിന് മറുപടി നൽകിയിരിക്കുന്നത്.
പ്രിയ പ്രതിപക്ഷ നേതാവേ ,
ഈ സന്ദർഭത്തിലെങ്കിലും വികസനത്തെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിലയിരുത്താനോ ക്രിയാത്മകമായി വിമർശിയ്ക്കാൻ പോലുമോ കഴിയാത്തതെന്തുകൊണ്ടാണ് ?
നിങ്ങളുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിയ്ക്കാൻ അങ്ങേയ്ക്ക് സാധിയ്ക്കാത്തതെന്തുകൊണ്ടാണ് ?
തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യാനാവാത്ത UDF ൻ്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ട് എന്നു മാത്രം പറയട്ടെ.
എം. സ്വരാജ്.