CrimeNEWS

ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം; യുവാവിന്റെ പരാക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്, വാഹനം അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരി 16-ാം തീയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയും അഴുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ് എത്തിയിരിക്കുന്നത്.

 

Back to top button
error: