
എറണാകുളം: ട്രെയിനുകള്‍ കടന്നു പോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു. റെയില്‍വേ മേല്‍പാലമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവര്‍ പങ്കെടുര്രു. പതിറ്റാണ്ടുകളായുള്ള മുളന്തുരുത്തിക്കാരുടെ ആവശ്യം യാഥാര്‍ഥ്യമായ ആഹ്ലാദത്തിലാണ് നാട്.
കേരള റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ 100% പണികളും പൂര്‍ത്തിയാക്കിയാണു പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ഇതോടെ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കും വികസിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി മുളന്തരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം റോഡ് മാറും. പച്ചപുതച്ച ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റര്‍ നീളത്തിലാണു പാലത്തിന്റെ നിര്‍മാണം. 8.1 മുതല്‍ 7.5 മീറ്റര്‍ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയില്പാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാന്‍ സ്റ്റെയറും നിര്‍മിച്ചിട്ടുണ്ട്. സര്‍വീസ് റോഡുകളും സജ്ജമാണ്.

പാലം തുറക്കുന്നതോടെ വേഴപ്പറമ്പ് നെല്‍സണ്‍ മണ്ടേല റോഡിലെ യാത്രക്കാര്‍ ട്രാഫിക് ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. നെല്‍സണ്‍ മണ്ടേല റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ നേരിട്ട് പാലത്തിലേക്കു പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഈ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ പാലത്തിനടിയിലൂടെയെത്തി മുളന്തുരുത്തി ഭാഗത്ത് പാലം തുടങ്ങുന്നിടത്തെ മീഡിയനില്‍ നിന്നു ‘U’ ടേണ്‍ എടുത്തു വേണം പാലത്തിലേക്കു കയറാന്‍. ചോറ്റാനിക്കര ഭാഗത്തു നിന്നു പാലത്തിലൂടെ വരുന്ന വാഹനങ്ങളും നെല്‍സണ്‍ മണ്ടേല റോഡിലേക്കു പോകാന്‍ മീഡിയനില്‍ നിന്നു ‘U’ ടേണ്‍ എടുക്കണം. ഇടറോഡില്‍ നിന്നുള്ള വാഹനം നേരിട്ടു പാലത്തിലേക്കു കയറുന്നത് അപകടങ്ങള്‍ക്കു കാരണമായേക്കാമെന്നതിനാലാണു ക്രമീകരണം.