CrimeNEWS

ബസില്‍ കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക്: ബസില്‍ വെച്ച് കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. യുഎസിലാണ് സംഭവം നടന്നത്. കൊളറാഡോ സ്വദേശിയായ ആഷ്ലി വൈറ്റിനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 2020ലാണ് ആഷ്ലി വൈറ്റ് കാമുകനായ കോഡി ഡിലിസയെ കൊലപ്പെടുത്തിയത്.

മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ആഷ്ലി കുറ്റക്കാരിയാണെന്ന് ആഡംസ് കൗണ്ടി ജില്ലാകോടതി കണ്ടെത്തി. കാമുകനുമായുള്ള പൊരുത്തക്കേടുകളാണ് ഈ കടുംകൈ ചെയ്യാന്‍ ആഷ്ലിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരമായി ഒരു ജോലിയില്ലാത്തതിനെച്ചൊല്ലി ഡിലിസ ആഷ്ലിയെ വിമര്‍ശിച്ചിരുന്നു. ഡിലിസയുമായി പ്രണയത്തിലായതില്‍ ഖേദിക്കുന്നുവെന്ന് ആഷ്ലി തന്റെ ഡയറിയിലും കുറിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

ആഷ്ലിയും കോഡി ഡിലിസയും വളരെക്കാലമായി പ്രണയത്തിലായിരുന്നു. 2020 മുതലാണ് ഇവരുടെ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത്. 2020 ആഗസ്റ്റ് 13ഓടെ സ്ഥിതി വഷളായി. ആഗസ്റ്റ് 13ന് ഒരു ജോലിയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിന് പോകുകയായിരുന്നു ആഷ്ലി. ഒരു സുഹൃത്താണ് അഭിമുഖത്തിനായി ഡെന്‍വറിലേക്ക് അവരെ കൊണ്ടുപോയത്. ആഷ്ലി ബസിലാണ് തിരിച്ചുവന്നത്. ബസിലിരിക്കവെ ആഷ്ലി ഡിലിസയ്ക്ക് മെസേജ് അയച്ചു. അഭിമുഖത്തിന്റെ കാര്യമെല്ലാം പറയുകയും ചെയ്തു. എന്നാല്‍ ആഷ്ലിയെ സമാധാനിപ്പിക്കുന്നതിന് പകരം ഡിലിസ ജോലി കിട്ടാന്‍ സാധ്യതയുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചു. ഡിലിസയുടെ മറുപടി ആഷ്ലിയെ തളര്‍ത്തി.

ബസിലിരുന്നപ്പോഴാണ് സ്‌കോട്ട് എന്നയാളെ ആഷ്ലി പരിചയപ്പെട്ടത്. ആഷ്ലിയ്ക്ക് കാമുകനുണ്ടോയെന്നും അയാള്‍ അവളെ ബലാത്സംഗം ചെയ്തോയെന്നും അയാള്‍ ആഷ്ലിയോട് ചോദിച്ചു. ഈ സംഭാഷണത്തോടെ ഇവര്‍ തമ്മില്‍ സൗഹൃദത്തിലായി. തുടര്‍ന്ന് ഡിലിസയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയും ചെയ്തു.

പിന്നീട് ബസില്‍ നിന്നിറങ്ങിയ ആഷ്ലിയും സ്‌കോട്ടും കുറച്ചുസമയം തോക്കുപയോഗിച്ച് വെടിവെയ്ക്കുന്നത് പരിശീലിച്ചു. സ്‌കോട്ടിന്റെ തോക്കാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം ആഷ്ലി സ്‌കോട്ടിനെയും കൂട്ടി വീട്ടിലേക്ക് പോയി. ആഷ്ലിയും ഡിലിസയും താമസിക്കുന്ന വീട്ടിലേക്കാണ് സ്‌കോട്ടിനെ കൊണ്ടുപോയത്. വീട്ടിലെത്തിയ ഡിലിസയോട് ടെക്സാസിലുള്ള ആഷ്ലിയുടെ സഹോദരനാണ് താന്‍ എന്നാണ് സ്‌കോട്ട് പറഞ്ഞത്. ഡിലിസയെ പരിചയപ്പെട്ട് നിമിഷങ്ങള്‍ക്കം തന്നെ സ്‌കോട്ടും ആഷ്ലിയും അദ്ദേഹത്തെ വെടിവെച്ചിട്ടു. തലയ്ക്ക് വെടിയേറ്റ ഡിലിസ തല്‍ക്ഷണം മരിച്ചു. അതിനുശേഷം ഡിലിസയുടെ പഴ്സും മോഷ്ടിച്ച് ഇരുവരും സ്ഥലംവിട്ടു. പിറ്റേന്ന് രാവിലെയാണ് പോലീസ് ഡിലിസയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആഷ്ലിയെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

അതേസമയം, കൊല നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിലിസയെ കൊന്നത് തന്റെ കാമുകനായ മൈക്കല്‍ സ്ട്രാറ്റണ്‍ ആണെന്ന് പറഞ്ഞ് ഒരു യുവതി പോലീസിനെ സമീപിച്ചു. കൊല നടത്തിയ രീതിയെപ്പറ്റി സ്ട്രാറ്റണ്‍ തന്നോട് പറഞ്ഞുവെന്നും ആഷ്ലി വൈറ്റിന്റെ കുറ്റസമ്മതത്തിന് സമാനമായ വിവരങ്ങളായിരുന്നു അതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റൊരു കൊലക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു സ്ട്രാറ്റണ്‍. ഇയാള്‍ക്ക് മാനസികപ്രശ്നമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Back to top button
error: