KeralaNEWS

പൊലീസ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പിന്‍വാതില്‍ നിയമനം: കായിക ചുമതലയില്‍നിന്ന് അജിത്കുമാറിനെ മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ നീക്കി. ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കുന്നത് വിവാദമായതിനു പിന്നാലെയാണ് ചുമതലയില്‍ മാറ്റം. അജിത് കുമാറിനു പകരം എഡിജിപി എസ്.ശ്രീജിത്തിനാണു പുതിയ ചുമതല. ബോഡി ബില്‍ഡിങ് താരങ്ങള്‍ക്കു പുറമെ വോളിബോള്‍ താരത്തിനും പൊലീസില്‍ പിന്‍വാതില്‍ നിയമനം നല്‍കാന്‍ നീക്കം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. ഇതിനു തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ ഉത്തരവും സ്‌പോര്‍ട്‌സ് ക്വോട്ട നിയമന ചട്ടങ്ങളും ഡിജിപിയുടെ ശുപാര്‍ശയും അട്ടിമറിച്ച്, സര്‍ക്കാര്‍ അംഗീകരിക്കാത്ത കായിക ഇനമായ ബോഡി ബില്‍ഡിങ്ങിലെ രണ്ടു താരങ്ങളെ പൊലീസില്‍ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനമാണു വിവാദത്തിലായത്. രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും പൊലീസില്‍ ഗസറ്റഡ് റാങ്കില്‍ നിയമിച്ചതാണു വിവാദത്തിലായത്. ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്‌പോര്‍ട്‌സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Signature-ad

ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത് ഗെയിംസിലെയും മെഡല്‍ ജേതാവായ ഒളിംപ്യന്‍ എം.ശ്രീശങ്കറിനെ പൊലീസ് നിയമനത്തിനു പരിഗണിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ ആഭ്യന്തര വകുപ്പാണ് സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനു പോലും പരിഗണിക്കാത്ത ഇനമായ ബോഡി ബില്‍ഡിങ്ങിലെ താരങ്ങള്‍ക്കു വളഞ്ഞ വഴിയില്‍ നിയമനം നല്‍കിയത്. ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്നും ഇന്‍സ്‌പെക്ടറായി നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഡിജിപി വിയോജനക്കുറിപ്പ് എഴുതിയെങ്കിലും അതും അവഗണിച്ചു. ഇതിനു ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും കണ്ണൂരുകാരനായ താരത്തിന്റെ സിപിഎം ബന്ധമാണു കാരണമെന്നും ആരോപണം ഉയര്‍ന്നു. ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ഇതിനായി അട്ടിമറിച്ചു.

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങളും കുടുംബ പശ്ചാത്തലവും പരിഗണിച്ചു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയാണു മന്ത്രിസഭാ തീരുമാനം. ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. എന്നാല്‍ മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ചു നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി നിയമന ഉത്തരവ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: