NEWSWorld

വാഷിങ്ടണ്‍ വിമാന അപകടം: 64 പേരുടേയും മരണം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: നഗരത്തിനു സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍നിന്നാണ് കണ്ടെടുത്തത്. നദിയില്‍ കൊടുംതണുപ്പായതിനാല്‍ ശേഷിക്കുന്നവരെ ജീവനോടെ കണ്ടെത്താന്‍ സാധ്യതകുറവാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതിന് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 7.30) ആണ് അപകടമുണ്ടായത്. അമേരിക്കന്‍ ഈഗിളിന്റെ സി.ആര്‍.ജെ.-700 വിമാനത്തില്‍ 60 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. കാന്‍സസിലെ വിചടയില്‍നിന്ന് വാഷിങ്ടണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മൂന്ന് സൈനികരുമായി പരീക്ഷണപറക്കലിലായിരുന്നു അപകടത്തില്‍പ്പെട്ട യു.എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റര്‍. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് വിമാനം നദിയിലേക്ക് വീണത്.

Signature-ad

വിചിടയിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ റഷ്യന്‍ വംശജരും മുന്‍ ലോക ചാമ്പ്യന്മാരുമായ യെവ്ജീനിയ ഷിഷ്‌കോവയും വാദിന്‍ നൗമോവും ഉള്‍പ്പെട്ട 13 ഐസ് സ്‌കേറ്റര്‍മാരുടെ സംഘവും വിമാനത്തിലുണ്ടായിരുന്നു. എയര്‍ട്രാഫിക് കണ്‍ട്രോളും ഹെലികോപ്റ്ററുമായി നടത്തിയ അവസാന ആശയവിനിമയം പരിശോധിച്ചപ്പോള്‍ വിമാനം സമീപത്തുള്ള വിവരം ഹെലികോപ്റ്ററിന് അറിയാമായിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്. ഇതിനിടെ വിമാനത്തിന്റെ രണ്ട് ബ്ലാക്‌ബോക്സുകളും കണ്ടെടുത്തു. സംഭവത്തില്‍ പെന്റഗണ്‍ അന്വേഷണം ആരംഭിച്ചു.

Back to top button
error: