KeralaNEWS

അന്വേഷിച്ച് നെട്ടോട്ടം: അതിനിടെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു, കഴുത്തിൽ ആഴത്തിൽ മുറിവ്

    കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക്  എത്തിച്ചു.

രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും  സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി.

Signature-ad

കടുവയെ വെടിവച്ചു കൊല്ലണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധിയാണ്.

വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാൻഡോകളും കൂടി ദൗത്യത്തിൽ പങ്കാളികളാണ്. കടുവയെ കണ്ടാൽ വെടിവയ്ക്കാൻ വേണ്ടിയാണ് ഷാർപ്പ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയത്.

പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്നുഭാഗം എന്നിവിടങ്ങളിൽ സഞ്ചാരത്തിന് വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നുമാണ് നിർദേശം. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.

അതേസമയം വയനാടിന്‌ വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും അതിനായി പിസിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സ്ഥിരം 100 ക്യാമറകൾ സ്ഥാപിക്കും. ഏറ്റവും അത്യാവശ്യമായ ഏത്‌ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Back to top button
error: