CrimeNEWS

വെടിവയ്പ് കേസിലെ പ്രതിയായ ലേഡിഡോക്ടറുടെ പീഡനപരാതി; വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടര്‍ പിടിയിലായത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വച്ച് 2021 ഓഗസ്റ്റില്‍ സുജിത്ത് ബലപ്രയോഗത്തിലൂടെ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിനു ശേഷം പെട്ടന്ന് സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണു സുജിത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണു വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്.

Signature-ad

ശാരീരിക ബന്ധത്തിനു താല്‍പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് സുജിത്തിനെതിരെ പൊലീസ് ചുമത്തിയത്. 42 കിലോമീറ്റര്‍ കാറോടിച്ചു തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടിലെത്തി ആയിരുന്നു പ്രതിയായ വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെടിവച്ചത്. കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതിയെത്തിയത്.

കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പോക്കറ്റില്‍നിന്ന് എയര്‍ പിസ്റ്റള്‍ എടുത്തു വീട്ടമ്മയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ കൊള്ളാതിരിക്കാന്‍ കൈകൊണ്ട് മുഖം മറയ്ക്കുന്നതിനിടെ വീട്ടമ്മയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറുകയും ചെയ്തു. അക്രമം നടന്ന ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നു ഡ്യൂട്ടിക്കിടെയാണ് വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു സിനിമയില്‍ കണ്ട ദൃശ്യത്തില്‍നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ചു വെടിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: