കണ്ണൂരിൽ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. 20കാരനായ അഭയ് ആണ് റിമാൻഡിലായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം യുവാവ് മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് 2 ദിവസം മുൻപാണ്. ഇതോടെ ആശങ്കയിലായ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഈ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വയനാട്ടിലെ പടിഞ്ഞാറേത്തറയിൽനിന്ന് എസ്ഐയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കൂത്തുപറമ്പ് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഫോണിൽ മോർഫിങ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇയാളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമല്ല. പ്രതിക്കെതിരെ നേരത്തെ തന്നെ മറ്റ് ചില കേസുകളും നിലവിലുണ്ട്. തീവെയ്പ്പ് കേസിലും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിലും അഭയ് പ്രതിയാണ്. ഇയാളുടെ സാമൂഹ്യമാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്