CrimeNEWS

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി; കല്ലറ പൊളിച്ച് അന്വേഷണം നടത്താന്‍ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പോലീസ്. കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ചേക്കും.

അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും പോലീസ് നീക്കം.

Signature-ad

ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് രം?ഗത്തെത്തിയത്. അയല്‍വാസികള്‍ അറിയാതെ ഗൃഹനാഥന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നത്. ഗോപന്‍ സ്വാമി കിടപ്പിലായതുമുതല്‍ വീട്ടില്‍ കലഹം പതിവാണ്. കിടപ്പിലായ അച്ഛനെ മക്കള്‍ ഉച്ചത്തില്‍ ശകാരിച്ചിരുന്നു. കിടക്കയില്‍ മൂത്രം ഒഴിച്ചതിനു ശകാരിച്ചെന്നും അയല്‍വാസി പറഞ്ഞു. അച്ഛന്‍ സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നാണ് മകന്റെ പ്രതികരണം. ?

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപന്‍ സ്വാമി മരിച്ചത്. മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ ആരോപിച്ചു. ഗോപന്‍ സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാരുടെ ആരോപണം. പൂജാരിയായ മക്കള്‍ സദാനന്ദനും രാജസേനനും ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. ഗോപന്‍ സ്വാമി സമാധിയായ എന്ന് പിന്നീട് പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്‌കരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: