സംസ്ഥാനത്ത് മതതീവ്രവാദികളെ കയറൂരി വിടുന്നു: കെ.സുരേന്ദ്രൻ
പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ മതതീവ്രവാദശക്തികൾ വിധ്വംസന പ്രവർത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികൾ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരത്തിൽ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും നവോത്ഥാന നായകൻ പിണറായി പ്രതികരിച്ചില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് കുറ്റകരമായ മൗനമാണ്.
മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫിന്റെ പത്രാധിപർ ആവശ്യപ്പെട്ടത് ഗൗരവതരമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് പോപ്പുലർഫ്രണ്ടിന്റെ ആവശ്യമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി വലിയ പ്രചാരണം നടക്കുന്നുണ്ട്. മുസ്ലിംലീഗുമായും ഇടതുമുന്നിയുമായും ബന്ധമുള്ള സംഘടനയാണ് പി.എഫ്.ഐ. കേരളത്തെ കാശ്മീരാകാൻ ശ്രമിക്കുന്നവരുമായി രണ്ട്മുന്നണികളും സഖ്യത്തിലാണ്. മതതീവ്രവാദികളുമായി സഖ്യം ചേർന്നാണോ വിശ്വാസികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലൗജിഹാദ് വിഷയത്തിലോ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലോ ഇടതു മുന്നണിയോ ഐക്യമുന്നണിയോ അഭിപ്രായം പറയുന്നില്ല. ഒരു വിഭാഗത്തിന്റെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതടക്കമുള്ള വിശ്വാസികളുടെ ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ഇരുമുന്നണികളും തയ്യാറുണ്ടോ? എന്തുകൊണ്ടാണ് പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് വേണ്ടി പാലോളി മോഡൽ കമ്മീഷൻ വെക്കാത്തത്? പാർശ്വവത്ക്കരിക്കപ്പെട്ടവരെ കുറിച്ച് പഠിച്ച് അവർക്ക് വേണ്ടി കമ്മീഷനെ വെക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബന്ധമാണ്. ലൗജിഹാദിനെതിരായ ശക്തമായ നടപടി ക്രൈസ്തവസഭകൾ ആവശ്യപ്പെട്ടിട്ടും സർക്കാർ പ്രതികരിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹാഗിയ സോഫിയയുടെ കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ മകന്റെ വാദം ബാലിശമാണ്. ലോകം മുഴുവൻ ആക്രമണം നടത്തുന്ന ഇസ്ലാമിക ഭീകരവാദ ശക്തികൾ തന്നെയാണ് കേരളത്തിലും പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.