IndiaNEWS

ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു: സിഖ് സമുദായത്തിൽ നിന്ന്  പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

   ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു.  കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴം) വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി 8 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ  10 വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു. സിഖ് സമുദായത്തിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വ്യക്തി എന്ന ചരിത്ര നേട്ടത്തിനുടമയായ മൻമോഹൻ സിംഗ്, കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ 1932 സെപ്റ്റംബർ 26-ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മൻമോഹൻ സിംഗ്, ബാല്യത്തിൽ തന്നെ കടുത്ത വെല്ലുവിളികൾ നേരിട്ടു. ഇന്ത്യയുടെ വിഭജന സമയത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പ്രതിസന്ധികളെ അതിജീവിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

Signature-ad

തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് എക്കണോമിക് ട്രിപ്പോസും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി തന്റെ അക്കാദമിക മികവ് ലോകത്തിന് മുന്നിൽ തെളിയിച്ചു. പഠനത്തിന് ശേഷം അദ്ധ്യാപകനായും സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു.

1972-ൽ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച മൻമോഹൻ സിംഗ്, 1982 മുതൽ 1985 വരെ റിസർവ് ബാങ്ക് ഗവർണറായും സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991- ’96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.

2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച മൻമോഹൻ സിംഗ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വിവരസാങ്കേതികവിദ്യയുടെ വികാസം, ഗ്രാമീണ വികസന പദ്ധതികൾ, സാമൂഹിക-ആരോഗ്യ മേഖലകളിലെ പുരോഗതി എന്നിവയിൽ നിർണായക സംഭാവനകൾ നൽകി. തീവ്രമായ രാഷ്ട്രീയ വിവാദങ്ങളോ പ്രക്ഷോഭങ്ങളോ ഇല്ലാതെ വികസനത്തിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ ഭരണശൈലി രാഷ്ട്രീയ രംഗത്ത് ഒരു പുതിയ പാഠമായിരുന്നു.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും ’94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്‍റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച പ്രധാനപ്പെട്ട മറ്റ് അംഗീകാരങ്ങൾ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്സ്ഫോഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.

പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി ഡോ. സിങ് പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യന്‍ സംഘത്തെ നയിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു.1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഡോ. സിങ്ങിന്‍റെ ജീവിതം ആധാരമാക്കി 2010 ല്‍ ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു.

ഗുര്‍ശരണ്‍ കൗറാണ് മന്‍മോഹന്‍ സിങ്ങിന്‍റെ പത്നി. മൂന്നു പെണ്‍മക്കളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: