KeralaNEWS

‘രമേശ് ഇന്നലെ വന്ന നേതാവല്ല, മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല’; വെള്ളാപ്പള്ളിക്ക് കെ സുധാകരന്റെ മറുപടി

കണ്ണൂര്‍: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സാമുദായിക നേതാക്കള്‍ അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ല. അവരുടെ വോട്ടു വാങ്ങാമെങ്കില്‍ അവര്‍ക്ക് അഭിപ്രായവും പറയാം. വ്യക്തിപരമായി അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ല. രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തില്‍ വന്ന ആളൊന്നുമല്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

കെഎസ് യുവിലൂടെയാണ് രമേശ് ചെന്നിത്തല രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പാര്‍ട്ടിയുടെ കേരളത്തിലെ പല പദവികള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരു പാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ആര്‍ക്കും പറ്റില്ലെന്ന് അര്‍ത്ഥമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Signature-ad

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . ഞങ്ങളാരും ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റുമോയെന്ന് അങ്ങോട്ട് പോയി ചോദിച്ചിട്ടില്ല. അങ്ങനെ പറയാന്‍ കഴിയില്ല. നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ കെ ആന്റണി, വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.

വെള്ളാപ്പള്ളിക്ക് ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല നേരത്തെയും ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ പൊളിറ്റിക്‌സുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമുദായത്തിന്റെ നേതാവായ വെള്ളാപള്ളിക്കും തന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതു ഞങ്ങള്‍ മാനിക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും, ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ്. നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോന്‍സണ്‍ കേസില്‍ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. പി ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: