ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് രണ്ടുകോടിയോളം പിഴ. സംഭാലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപിയായ സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിനാണ് യുപി വൈദ്യുതി വിഭാഗം കോടികള്‍ പിഴയിട്ടത്. എംപിയുടെ പേരിലുള്ള വീട്ടില്‍ ഇലക്ട്രിസിറ്റി മീറ്ററില്‍ കൃത്രിമത്വം കാട്ടിയെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിഴ. 1.9 കോടിയാണ് എംപിക്ക് പിഴയിട്ടിരിക്കുന്നത്.
വ്യാഴാഴ്ച സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിന്റെ വീടുകളില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന നടന്നിരുന്നു. രണ്ട് കിലോവാട്ടിന്റെ സാധാരണ വൈദ്യുത കണക്ഷനാണ് എംപിയുടെ വീടുകളിലുള്ളത്. എന്നാല്‍, പത്തിരട്ടിയിലധികം കണക്ടട് ലോഡാണ് പരിശോധനയില്‍ കണ്ടെത്തിയത്.
വീട്ടില്‍ 10 കിലോവാട്ടിന്റെ സോളാര്‍ പാനലും അഞ്ച് കിലോവാട്ടിന്റെ ജനറേറ്ററും ഉപയോഗിക്കുന്നുണ്ട് എന്നാണ് കുടുംബം നല്‍കിയ വിശദികരണം. അതിനാല്‍ 19 കിലോവാട്ട് വൈദ്യുതിയാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, വിശദമായ പരിശോധനയില്‍ സോളാര്‍ പാനല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി.
മാത്രമല്ല വീട്ടില്‍ 50 എല്‍ഇഡി ലൈറ്റുകള്‍, ഡീപ്പ് ഫ്രീസര്‍, മൂന്ന് സ്പ്ലിറ്റ് എസികള്‍, രണ്ട് ഫ്രിഡ്ജുകള്‍, കോഫീ മേക്കര്‍, വാട്ടര്‍ ഹീറ്ററുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ കണ്ടെത്തി. ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബില്‍ പൂജ്യമായിരുന്നുവെന്ന് അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഞെട്ടി.
വൈദ്യുതി മോഷണം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എംപിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. മാത്രമല്ല എംപിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസെടുക്കുകയും പിഴയിടുകയും ചെയ്തു. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് എംപിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.