അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ മന്ത്രവാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലാണ് മുകേശ് ഭുവാജി എന്നയാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സാധാരണ ടീഷര്‍ട്ടും പാന്റും ധരിച്ച് മാസ്‌ക് അണിഞ്ഞ് മുകേശ് അത്യാഹിത വിഭാഗത്തിലെ രോഗിയെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് ഇയാള്‍ ഐസിയുവിനുള്ളിലെത്തി മന്ത്രവാദ പ്രവൃത്തികള്‍ ചെയ്യുന്നത് കാണാം. ഡോക്ടര്‍മാര്‍ക്ക് രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മന്ത്രങ്ങളും ക്രിയകളുമാണ് ആരോഗ്യം വീണ്ടെടുത്തതെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനുപിന്നാലെ വീട്ടിലെത്തിയ രോഗിയുടെ ബന്ധുക്കള്‍ മുകേശിനോട് നന്ദി പറയുകയും ചെയ്തു.
ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് രാകേശ് ഷാ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഐസിയുവിലെ രോഗി സുഖപ്പെടാന്‍ കാരണം മന്ത്രവാദമാണെന്നത് അന്ധവിശ്വാസമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാവുമെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋിഷികേശ് പട്ടേല്‍ വ്യക്തമാക്കി. ആശുപത്രികളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.