ഇടുക്കി: കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനില്‍ കട നടത്തിപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. തടയാനെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. സംഭവത്തില്‍ 5 പേര് അറസ്റ്റിലായി.
ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂര്‍ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അടുത്തടുത്ത് കടകള്‍ നടത്തുന്നവര്‍ തമ്മില്‍ നാളുകളായി തുടരുന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകന് അര്ജുനന് (20), സുജിത്ത് (38), സഹോദരന് സുജില്‍ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.