IndiaNEWS

കേജ്‌രിവാളിനെ വീഴ്ത്താന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍? ഇന്ദ്രപ്രസ്ഥത്തില്‍ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

ന്യൂഡല്‍ഹി: പരാജയഭീതി മൂലം മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുന്‍ മുഖ്യമന്ത്രിയും 2 മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ അവസാന ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡല്‍ഹിയില്‍ കേജ്‌രിവാള്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി 2 മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ എത്തുമെന്നാണ് സൂചന.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയെ ബിജെപി കളത്തിലിറക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വെസ്റ്റ് ഡല്‍ഹിയില്‍നിന്ന് 2 തവണ എംപിയായ നേതാവാണ് പര്‍വേഷ്. സന്ദീപ് ദീക്ഷിതിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 3 തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണു സന്ദീപ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈസ്റ്റ് ഡല്‍ഹിയില്‍നിന്ന് എംപിയുമായി.

Signature-ad

എതിര്‍ സ്ഥാനാര്‍ഥികളായി എത്തുന്നവര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ മാത്രമാണെന്നും താനൊരു ആം ആദ്മിയാണെന്നുമാണു കേജ്‌രിവാള്‍ പറഞ്ഞത്. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാത്തതിനാല്‍ പര്‍വേഷ് വര്‍മയുടെ സ്ഥാനാര്‍ഥിത്വം ഇതുവരെ ഉറപ്പായിട്ടില്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍നിന്ന് 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കേജ്‌രിവാള്‍ നിയമസഭയിലെത്തിയത്. 2015ല്‍ ഭൂരിപക്ഷം 31,583 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 21,000ലേക്ക് താഴ്ന്നു.

2 സീറ്റുകളില്‍ മത്സരിക്കുമെന്നു സിപിഎം വ്യക്തമാക്കി. കാരവല്‍ നഗറിലും ബദര്‍പുര്‍ മണ്ഡലങ്ങളിലുമാണു സിപിഎം ഒറ്റയ്ക്കു മത്സരിക്കുന്നത്. കരവള്‍നഗറില്‍ അഡ്വ. അശോക് അഗര്‍വാളും ബദര്‍പുര്‍ മണ്ഡലത്തില്‍നിന്നു ജഗദീഷ് ചന്ദ് ശര്‍മയും മത്സരിക്കുമെന്നു സിപിഎം ഡല്‍ഹി ഘടകം അറിയിച്ചു. നാളെ പ്രകടനപത്രിക പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: