NEWSWorld

തടവുകാരെ പരസ്പരം ബലാത്സംഗം ചെയ്യിപ്പിക്കും; അസദിന്റെ ‘കശാപ്പ്ശാല’ല്‍ അരങ്ങേറിയിരുന്നത്…

ഡമാസ്‌കസ്: സിറിയയില്‍ ഏകാധിപത്യ ഭരണം തുടര്‍ന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദും കുടുംബവും പലായനം ചെയ്തതിന് പിന്നാലെ ആരംഭിച്ച ആഘോഷപ്രകടനങ്ങള്‍ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏകാധിപത്യ ഭരണത്തിനെതിരായ വിമത നീക്കം രാജ്യത്ത് ആരംഭിച്ചത്. ഒടുവില്‍ അതിന് ശുഭപര്യവസാനമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ വിമതര്‍ ആദ്യം ചെയ്തത് ജയിലുകളില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരെ മോചിപ്പിക്കുകയെന്നതാണ്.

തലസ്ഥാനമായ ഡെമാസ്‌ക്കസില്‍ ഉള്‍പ്പെടെ ജയിലില്‍ കഴിയുകയായിരുന്നവര്‍ മോചനം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡെമാസ്‌ക്കസിലെ സെയ്ദ്നയ ജയില്‍ അഥവാ മനുഷ്യ കശാപ്പ്ശാല കുപ്രസിദ്ധമാണ്. 2021ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ വിവിധ. ജയിലുകള്‍ക്കുള്ളില്‍ ഒരു ലക്ഷം പേരെയെങ്കിലും തൂക്കിലേറ്റിയെന്നാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 13 വര്‍ഷമായി രാജ്യത്തെ ജയിലില്‍ അരങ്ങേറിയിരുന്നത് കൊടും ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നാണ്.

Signature-ad

2011ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ പിടികൂടുന്ന പ്രതിഷേധക്കാരേയും സൈനികരേയും പാര്‍പ്പിക്കാന്‍ പ്രത്യേകം ജയിലുകള്‍ സജ്ജമാക്കിയിരുന്നുവെന്നാണ്. പ്രതിഷേധക്കാരെ പൂട്ടിയിടാന്‍ സജ്ജമാക്കിയ ചുവന്ന നിറമുള്ള കെട്ടിടത്തിലെ ജയിലില്‍ കഴിഞ്ഞിരുന്ന പതിനായിരംപേരെയെങ്കിലും തൂക്കിലേറ്റിയെന്നാണ് പലപ്പോഴായി പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. തടവുകാരെ തൂക്കിലേറ്റുന്നതിന് മുമ്പ് തലസ്ഥാനത്തുള്ള വിചാരണക്കോടതിയില്‍ എത്തിക്കും. മൂന്ന് മിനിറ്റ് മാത്രമാണ് പരമാവധി വിചാരണ നടക്കുക, അതിനുള്ളില്‍ തന്നെ ശിക്ഷ വിധിച്ചിട്ടുണ്ടാകും.

സല്‍ക്കാരം എന്ന് അര്‍ത്ഥം വരുന്ന ‘ദി പാര്‍ട്ടി’ എന്നാണ് ശിക്ഷാനടത്തിപ്പിനെ വിശേഷിപ്പിച്ചിരുന്നത് പോലും. വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിന് മുമ്പ് മൂന്ന് നാല് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ക്രൂര മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്യും. പാതിരാത്രിയോടെ കണ്ണുകള്‍ കെട്ടി ട്രക്കുകളിലോ മിനിബസ്സുകളിലോ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ആ കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും, ഇതായിരുന്നു വധശിക്ഷ നടപ്പിലാക്കിയിരുന്ന രീതി.

ആഴ്ചയില്‍ രണ്ടുതവണ ഈ ശിക്ഷനടപ്പാക്കല്‍ നടന്നിരുന്നു. ഓരോതവണയും 20 മുതല്‍ 50 പേര്‍ വരെ കൊല്ലപ്പെട്ടിരുന്നു. അവരുടെ കണ്ണുകള്‍ കെട്ടിയിരുന്നതിനാല്‍ കഴുത്തില്‍ കുരുക്ക് വീഴുന്നതുവരെ തങ്ങള്‍ മരിക്കുകയാണെന്ന് ഇരകള്‍ അറിഞ്ഞിരുന്നില്ല. കൊലയ്ക്ക് ശേഷം ഇരകളുടെ മൃതശരീരങ്ങള്‍ ട്രക്കുകളില്‍ തിഷ്‌റീന്‍ ആശുപത്രിലെത്തിച്ച് കൂട്ടത്തോടെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. വളരെ പ്രാകൃതമായ ശിക്ഷാ രീതികളാണ് തടവുകാര്‍ അനുഭവിച്ചിരുന്നത്.

ലൈംഗിക അതിക്രമത്തിന് വിധേയരാക്കുക, തടവുകാരെക്കൊണ്ട് തടവുകാരെ ബലാത്സംഗം ചെയ്യിക്കുക, അസുഖം ബാധിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാതിരിക്കുക തുടങ്ങിയവയാണത്. തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലുകളിലെ ജീവനക്കാര്‍ക്ക് പോലും എന്താണ് അവിടെ നിന്ന് മാറ്റുന്നവര്‍ക്ക് സംഭവിച്ചിരുന്നതെന്ന് വ്യക്തമായി അറിവില്ലായിരുന്നു. ബാഷര്‍ അല്‍ അസദിന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാത്രമാണ് മേല്‍നോട്ടത്തിന് പോലും നിയോഗിച്ചിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: